കോഴിക്കോട്
ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്രയമാകുന്ന റെയിൽവെ സ്റ്റേഷനിലെ ഭക്ഷണശാല പൂട്ടി. നവീകരണത്തിന്റെ പേരിലാണ് പ്ലാറ്റ്ഫോമിലെ ഏക ഭക്ഷണശാലയുടെ ലൈസൻസ് പുതുക്കി നൽകാതെ പൂട്ടിയത്. നവീകരണ പ്രവൃത്തിയോടനുബന്ധിച്ച് ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്ന ടിക്കറ്റ് റിസർവേഷൻ കൗണ്ടർ, ഭക്ഷണശാലകൾ എന്നിവയുൾപ്പെട്ട ഭാഗമാണ് ആദ്യഘട്ടത്തിൽ പൊളിച്ചത്. എന്നാൽ റിസർവേഷൻ, സ്റ്റേഷൻ മാനേജർ ഓഫീസുകൾ താൽക്കാലികമായി നാലാം പ്ലാറ്റ്ഫോമിലെ കെട്ടിടത്തിലേക്ക് മാറ്റി. ഭക്ഷണശാലയ്‌ക്ക് പകരം സംവിധാനമുണ്ടായില്ല.
ഒന്നാം പ്ലാറ്റ്ഫോമിൽ മൂന്ന് ഫുഡ് കോർട്ടുകളാണ് ഐആർസിടിസി അനുവദിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം ഒന്നര വർഷം മുമ്പ് അടച്ചു. ബാക്കിയുണ്ടായിരുന്നതാണ് ഇപ്പോൾ പൂട്ടിയത്. നവംബർ 26ന് ആണ് പ്രവർത്തനം അവസാനിപ്പിച്ചത്.
പ്ലാറ്റ്ഫോം ഒന്നിൽ ആറും നാലിൽ നാലും ചെറിയ ഭക്ഷണ സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിലൂടെ കൂടുതൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇവയിലൂടെ ലഘുഭക്ഷണങ്ങൾ മാത്രമാണ് ലഭിക്കുക. ചോറ്, ബിരിയാണി, ചപ്പാത്തി, കറി എന്നിവ ലഭിക്കാൻ പുറത്ത് പോകേണ്ട സ്ഥിതിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..