09 September Monday

കാട്ടുചോലപോലെ മിന്നും ജീവിതച്ചേല്

സി എ പ്രേമചന്ദ്രൻUpdated: Monday Mar 8, 2021

ഭൂമിക തൊഴിൽ സംരംഭ യൂണിറ്റ്‌ ആരംഭിച്ച മരോട്ടിച്ചാൽ കിഴക്കൻ കോളനിയിലെ ലീല നാരായണൻ, മഞ്ജു ഗിരീഷ്‌, അനിത ഉണ്ണികൃഷ്‌ണൻ, ഉഷ കുട്ടൻ, സ്‌മിജ സുജേഷ്‌

തൃശൂർ
വനവിഭവങ്ങളുടെ ചേലൊന്നു മാറും. അഞ്ച്‌ ആദിവാസിസ്‌ത്രീകളുടെ ജീവിതച്ചേലും കാട്ടുചോലപോലെ മിന്നും.  ഔഷധ ച്ചെടികൾ  പറിക്കുക മാത്രമല്ല,   താളിപ്പൊടിയും  ദന്തപ്പാലയെണ്ണയും ഇവരുണ്ടാക്കും. ഉരുക്കുവെളിച്ചെണ്ണ മുറുക്കിയെടുക്കും. സർക്കാർ കരുതലും പിന്തുണയുമേകിയപ്പോൾ കാടിൻമക്കളും ചിരിക്കുകയാണ്‌. ഇവർ പറയുന്നു: ഞങ്ങളും മാറുകയാണ്‌.  
 മരോട്ടിച്ചാൽ കിഴക്കൻ കോളനിയിലെ അഞ്ച്‌ വനിതകൾ ചേർന്നാണ്‌  
 സർക്കാർ ധനസഹായത്തോടൈ വനവിഭവങ്ങൾ ശേഖരിച്ച്‌  സംസ്‌കരിച്ച്‌ മൂല്യ വർധിത  ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന  ഭൂമികയെന്ന തൊഴിൽ സംരംഭ യൂണിറ്റ്‌  ആരംഭിച്ചത്‌.   പട്ടിക വർഗത്തിൽനിന്ന്‌ തെരഞ്ഞെടുത്ത കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കാണ്‌  പുതുജീവിതമാവുന്നത്‌.
സ്‌മിജ സുജേഷ്‌ പ്രസിഡന്റ്‌,  അനിത ഉണ്ണികൃഷ്‌ണൻ സെക്രട്ടറി, മഞ്‌ജു ഗിരീഷ്‌,  ലീല നാരായണൻ, ഉഷ കുട്ടൻ എന്നിവരാണ്‌ യൂണിറ്റ്‌ ആരംഭിച്ചത്.  
 ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ നേതൃത്വത്തിൽ പട്ടിക വർഗ സ്വയം തൊഴിൽ സംരംഭമെന്നനിലയിലാണ്‌  ഹെർബൽ പ്രൊഡക്ഷൻ യൂണിറ്റ്‌ ആരംഭിച്ചതെന്ന്‌ അനിത പറഞ്ഞു. 3,60,000 രൂപയാണ്‌ പദ്ധതിച്ചെലവ്‌. ഇതിൽ മുന്നുലക്ഷവും സബ്‌സിഡി ലഭിച്ചു‌. 
40,000 രൂപ ബാങ്ക്‌ വായ്‌പയും 20,000 രൂപ ഉപഭോകൃത വിഹിതവുമാണ്‌. നേരത്തേ വനവിഭവങ്ങൾ ശേഖരിച്ച്‌  പുറത്ത്‌ വിൽക്കുകയാണ്‌ പതിവ്‌.  മറ്റത്തൂർ സഹകരണസംഘത്തിലേക്കും നൽകാറുണ്ട്‌.  വരുമാനം കുറവായിരുന്നു.  ഇനി മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റും.  ഇതിനായി യന്ത്രസാമഗ്രികൾ വാങ്ങി. താളിപ്പൊടി, ദന്തപ്പാലയെണ്ണ,  ഉരുക്കുവെളിച്ചെണ്ണ,  തൃഫലചൂർണം  എന്നിവ ഉൽപ്പാദിപ്പിക്കാൻ കുടുംബശ്രീ വഴി  പരിശീലനം ലഭിച്ചു.  
യൂണിറ്റ്‌ വഴി ആദ്യഘട്ടം ഉൽപ്പാദനം തുടങ്ങി. എൽഡിഎഫ് സർക്കാരിന്റെ നൂറുദിനപരിപാടിയുടെ ഭാഗമായി നടന്ന വിപണനമേളയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു. കുടുംബശ്രീ ബസാർ, ഹോംഷോപ്പ്‌ നാനോ മാർക്കറ്റ്‌ വഴി വിപണനം നടത്താനാണ്‌ ലക്ഷ്യം. 
ഇടതുപക്ഷ സർക്കാരും ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയും  തങ്ങൾക്ക്‌ പുതുജീവിതമാണ്‌ സമ്മാനിച്ചതെന്നും അനിത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top