കൊല്ലം
ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽതേടി വിദേശത്തുപോകാൻ കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് അനുമതി നൽകി. സ്ത്രീധനപീഡനക്കേസിലെ നാലാം പ്രതിയാണ് സൂര്യ. അച്ഛൻ പക്ഷാഘാതം വന്നു കിടപ്പാണെന്നും എംബിഎ ബിരുദധാരിയായ തനിക്ക് കേസിനെത്തുടർന്ന് നാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും വിദേശത്ത് തൊഴിൽ തേടിപ്പോകാൻ പാസ്പോർട്ട് എടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു സൂര്യയുടെ ഹർജി. പ്രോസിക്യൂഷൻ എതിർത്തെങ്കിലും വിശദവാദം കേട്ട കോടതി കർശന വ്യവസ്ഥകളോടെ അനുമതി നൽകുകയായിരുന്നു. തൊഴിൽ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസസ്ഥലം, തൊഴിൽ ദാതാവ് തുടങ്ങിയ വിവരങ്ങൾ ഹാജരാക്കണമെന്നാണു വ്യവസ്ഥ. കേസിന്റെ വിചാരണയിൽ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്ന് സൂര്യയെ ഒഴിവാക്കി. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശേരിൽ) വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ മൂർഖൻ പാമ്പിന്റെ കടിയേൽപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ് കുമാർ ജയിലിലാണ്. 2020 മേയിലായിരുന്നു സംഭവം. സ്ത്രീധന പീഡനക്കേസിൽ സൂരജിനും സൂര്യക്കും പുറമെ അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക എന്നിവരും പ്രതികളാണ്. പ്രാേസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി ശിബ ദാസ് കോടതിയിൽ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..