ആലക്കോട്
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നടുവിൽ പഞ്ചായത്തിലെ മണ്ടളം വാർഡിലെ മൈക്കാട് പി സി ബാബുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ മുഴുവൻ പന്നികളെയും വ്യാഴാഴ്‌ച കൊല്ലും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതമായും 10 കിലോമീറ്റർ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് കൊണ്ടുവരുന്നതും മൂന്നുമാസത്തേക്ക് നിരോധിച്ച് കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർടിഒയുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. രോഗ വിമുക്ത മേഖലയിൽനിന്നുള്ള പന്നികളെയേ ജില്ലയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് ഉറപ്പുവരുത്തും.
നടുവിൽ പഞ്ചായത്ത് പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവരുൾപ്പെട്ട സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങും.
കലക്ടറുടെ നിർദേശപ്രകാരം മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, റവന്യു, പഞ്ചായത്ത് അധികൃതരുടെ യോഗം നടുവിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്നു. ഡോ. വി പ്രശാന്ത്, ഡോ. ബിജോയ് വർഗീസ്, ഡോ. കെ എസ് ജയശ്രീ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..