21 November Thursday

കൗൺസിലേഴ്‌സ്‌ ക്ലാസ്‌മേറ്റ്‌സായി 
പ്ലസ്ടു പാസായി

സ്വന്തം ലേഖികUpdated: Thursday Aug 8, 2024

ആലപ്പുഴ നഗരസഭ കൗൺസിലർമാരായ മേരി ലീന, ഹെലൻ ഫെർണാണ്ടസ്‌, മോനിഷ ശ്യാം, സിമി ഷാഫിഖാൻ എന്നിവർ

ആലപ്പുഴ
തെരഞ്ഞെടുപ്പ്‌ പാസായപോലെ അവർ തുല്യതാ പരീക്ഷയും വിജയിച്ചു. ഇനി ചങ്കുറപ്പോടെ ഇവർക്ക്‌ പറയാം ‘ഞങ്ങളെ കണ്ടുപഠിക്കൂ’. സാക്ഷരത മിഷന്റെ പ്ലസ്‌ടു തുല്യതാപരീക്ഷയിൽ മിന്നും വിജയം നേടിയിരിക്കുകയാണ്‌ ആലപ്പുഴ നഗരസഭയിലെ നാല്‌ കൗൺസിലർമാർ. 
പവർഹൗസ്, കൊമ്മാടി, സിവിൽ സ്‌റ്റേഷൻ, വാടക്കൽ വാർഡ് കൗൺസിലർമാരായ ഹെലൻ ഫെർണാണ്ടസ്, മോനിഷ, സിമി ഷാഫിഖാൻ, മേരി ലീന എന്നിവരാണ് പ്ലസ്‌ടു ഹ്യൂമാനിറ്റീസ്‌ പരീക്ഷയിൽ മികച്ച വിജയം നേടിയത്‌. വിവിധ സാഹചര്യങ്ങളാൽ പാതിയിലുപേക്ഷിച്ച പഠനം ദൃഢനിശ്ചയത്തോടെ പൂർത്തീകരിക്കുകയായിരുന്നു.  
അപ്രതീക്ഷിതമായാണ്‌ നാലുപേരും മുഹമ്മദൻ ഹയർസെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിലെ സെന്ററിൽ പഠിക്കാൻ ഒരുമിച്ചെത്തിയത്‌. പഠനത്തിന്‌ ഉഷ ടീച്ചറും പ്രമീള ടീച്ചറും ഒത്തിരി സഹായിച്ചെന്ന്‌ നാലുപേരും പറയുന്നു.
  ‘കുറച്ച്‌ ക്ലാസുകൾ നഷ്‌ടപ്പെട്ടെങ്കിലും ഞങ്ങൾ നാലുപേരും വാട്‌സാപ്പ്‌ ഗ്രൂപ്പ്‌ തുടങ്ങി. വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഗ്രൂപ്പിലിട്ടു. പരസ്‌പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞുമാണ്‌ പഠിച്ചത്‌’ കൗൺസിലർ മേരി ലീന പറഞ്ഞു. ‘തുടർന്നും പഠിക്കണം. ഡിഗ്രി എടുക്കണമെന്നുണ്ട്‌.  തിരക്കിനിടെ നടക്കുമോന്നറിയില്ല.’ –- ഹെലൻ ഫെർണാണ്ടസിനും മോനിഷയ്‌ക്കും ഒരേസ്വരം. ‘ഈ വിജയംതരുന്ന കോൺഫിഡൻസ്‌ ചെറുതല്ല. ഇനിയിപ്പോൾ ധൈര്യമായി തുല്യതാ പരീക്ഷയ്‌ക്ക്‌ ആളെ ചേർക്കാമല്ലോ’ –- സിമി പറഞ്ഞു. 
   പരീക്ഷയ്‌ക്ക്‌ മുമ്പായി നാലുപേരും ഒന്നിച്ച്‌ ഉറക്കമൊഴിച്ചിരുന്ന്‌ പാഠഭാഗങ്ങൾ ആവർത്തിച്ച്‌ പഠിച്ചു. ‘അതിന്റെ ഫലം റിസൽട്ടിലുണ്ട്‌’ നിറചിരിയോടെ നാൽവർസംഘം പറയുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top