22 December Sunday

ഭൂമി കിട്ടി; മനംനിറഞ്ഞ്‌ 
സുലൈഖ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

അദാലത്തിൽ ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതിക്ക് പരിഹാരമായതിന്റെ സന്തോഷത്തിൽ മടങ്ങുന്ന സുലൈഖ

കോഴിക്കോട്
ഒമ്പതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കോർപറേഷനിൽനിന്ന് ഭൂമി ലഭിക്കാനുള്ള ഉത്തരവ് ലഭിച്ചപ്പോൾ സുലൈഖയുടെ കണ്ണുനിറഞ്ഞു. ‘സർക്കാരിനും മന്ത്രിക്കും പെരുത്ത് നന്ദി’ സന്തോഷത്തോടെ അവർ പറഞ്ഞു. തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ്  സുലൈഖയുടെ പരാതി തീർപ്പാക്കി. ഭൂമി ലഭിക്കാൻ ആവശ്യമായ രേഖയും ഉത്തരവും കൈമാറി. 
പുനരധിവാസത്തിനായി കോർപറേഷൻ നൽകിയ ഭൂമി രജിസ്റ്റർ ചെയ്തു കിട്ടണമെന്ന ആവശ്യവുമായാണ് പയ്യാനക്കൽ ചാമുണ്ഡി വളപ്പിൽ സുലൈഖ അദാലത്തിനെത്തിയത്.  ​ഗുണഭോക്താവായ ഭർത്താവ് ഭൂമി രജിസ്ട്രേഷന് മുമ്പ്‌ മരിച്ചിരുന്നു. തുടർന്ന് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കോർപറേഷൻ സുലൈഖയ്ക്ക് ഭൂമി ലഭ്യമാക്കിയില്ല.  ഭർത്താവിന്റെ പേരിൽ അനുവദിച്ച ഭൂമി, അവകാശിയായ അപേക്ഷകയുടെ പേരിൽ ഉടൻ രജിസ്റ്റർ ചെയ്ത് നൽകണമെന്നും ഇത് സംബന്ധിച്ച രേഖകൾ ഇന്നുതന്നെ കൈമാറണമെന്നും മന്ത്രി എം ബി രാജേഷ് കോർപറേഷൻ അധികൃതരോട്‌ നിർദേശിച്ചു. ഉച്ചയോടെ രേഖ കൈമാറി. രേഖയുടെ അടിസ്ഥാനത്തിൽ റവന്യു വകുപ്പിൽനിന്ന് സുലൈഖയ്ക്ക് ഭൂമി ലഭിക്കും. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതികളിൽ ഗുണഭോക്താവ് മരിച്ചാൽ അവകാശിക്ക് രേഖകളുടെ അടിസ്ഥാനത്തിൽ ഭൂമി കൈമാറുന്ന നിലയിൽ  പൊതുതീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.   
സുലൈഖക്ക് ഭൂമി അനുവദിച്ചു നൽകുന്നതിന് കൗൺസിൽ തീരുമാനിച്ചുവെങ്കിലും ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ സാങ്കേതിക കാരണങ്ങളാൽ സാധിച്ചിരുന്നില്ല. ഈ പ്രശ്നത്തിനാണ് അദാലത്തിൽ പരിഹാരമായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top