മണർകാട്
ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്‌തജനത്തിരക്ക്. വർഷത്തിൽ ഒരിക്കൽമാത്രം വിശ്വാസികൾക്കായി തുറക്കുന്ന പള്ളി മദ്ബഹയിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന ദൈവമാതാവിന്റെയും യേശുവിന്റെയും ഛായാചിത്രം വണങ്ങാൻ ആയിരങ്ങൾ എത്തി.
സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് പ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷകൾക്ക് പ്രധാനകാർമ്മികത്വം വഹിച്ചു. കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് സഹകാർമ്മികനായി. പ്രധാന പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യുന്ന കറിനേർച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്രയും നടന്നു. നെയ്യ് നിറച്ച തേങ്ങാമുറിയിലെ തിരിയിലേക്ക് പ്രധാന ത്രോണോസിലെ മെഴുകുതിരിയിൽനിന്ന് കത്തീഡ്രൽ സഹവികാരിയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ കുറിയാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത് തീപകർന്നു. ഫാ. എം ഐ തോമസ് മറ്റത്തിലിന്റെ നേതൃത്വത്തിൽ പ്രാർഥനകൾക്കുശേഷം അടുപ്പിലേക്ക് തീപകർന്നു. കത്തീഡ്രൽ ട്രസ്റ്റിമാരും സെക്രട്ടറിയും നെയ്യും ആദ്യ അരിയുമിട്ട് കറിനേർച്ച തയ്യാറാക്കലിന് തുടക്കംകുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..