08 October Tuesday

ജില്ലയിൽ 394 കോടിയുടെ 
സമഗ്ര പാക്കേജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
തിരുവനന്തപുരം
ജില്ലയിലെ  വൈദ്യുതിമേഖലയിൽ 394 കോടി രൂപയുടെ സമഗ്ര വികസനത്തിനുള്ള പ്രത്യേക പാക്കേജിന് കെഎസ്‌ഇബി അംഗീകാരം നൽകിയതായി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഈ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയുടെ സാന്നിധ്യത്തിൽ തലസ്ഥാനത്ത്‌ ഉന്നത കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗം 10ന്‌ ചേരുമെന്നും  മന്ത്രി അറിയിച്ചു. ജില്ല നേരിടുന്ന വൈദ്യുതി പ്രസരണ രംഗത്തെ പ്രശ്നങ്ങളുടെ പരിഹാരത്തിന് സമഗ്രമായ നടപടി ആവശ്യപ്പെട്ട്‌ സി എച്ച് കുഞ്ഞമ്പു എംഎൽഎ അവതരിപ്പിച്ച സബ്മിഷന് സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. 
കുറ്റിക്കോലിൽ നിർമാണം 
80 ശതമാനം പൂർത്തിയായി
കുറ്റിക്കോൽ 110 കെവി സബ്സ്റ്റേഷൻ നിർമാണത്തിന് 27 കോടി രൂപയുടെ ഭരണാനുമതി നൽകി. ഇവിടെ നിർമാണ പ്രവൃത്തി നിലവിൽ 80 ശതമാനം കഴിഞ്ഞു. നീലേശ്വരം 33 കെവി സബ്സ്റ്റേഷൻ 110 കെവിയായി ഉയർത്താൻ  11.5 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026 ഓടെ പൂർത്തിയാക്കും. 
അഡൂരിൽ 33 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ 11.5 കോടി രൂപയുടെ ഭരണാനുമതി ലഭിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തി. ഇതും 2026 ഓടെ പൂർത്തിയാക്കും. 2032 വരെയുള്ള പ്രസരണ ആവശ്യം നിറവേറ്റുന്നതിന് ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ ട്രാൻസ്മിഷൻ പ്ലാനിൽ ഉൾപ്പെടുത്തി 353.1 കോടി രൂപയുടെ പദ്ധതി പ്രസരണ വിഭാഗത്തിന്റെ കീഴിൽ ജില്ലയിൽ വിഭാവനം ചെയ്തിട്ടുണ്ട്. സാങ്കേതിക പഠനവും സാമ്പത്തിക വിശകലനവും അനുകൂലമാണെങ്കിൽ ഇവ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിൽ 
പൂർത്തിയാക്കുന്ന 
പദ്ധതികൾ
2027 നകം ജില്ലയിൽ പൂർത്തിയാക്കുന്ന വൈദ്യുതി പദ്ധതികളും തുകയും: വെള്ളരിക്കുണ്ട് 110 കെവി: 28 കോടി, ബോവിക്കാനം 33 കെവി: 12 കോടി, പടന്നക്കാട് 33 കെവി:10 കോടി, പടന്ന 33 കെവി: 12 കോടി, ചെമ്പരിക്ക 33 കെവി: 13 കോടി, വോർക്കാടി 33 കെവി: 16.5 കോടി.
2028നകം പൂർത്തിയാക്കുന്നവ: പെരിയ 110 കെവി: 23 കോടി, പൈവളികെ 110 കെവി: 26 കോടി, ബേളൂർ 110 കെവി:  23 കോടി. 2029നകം പൂർത്തിയാക്കുന്ന പദ്ധതി: ചീമേനി 220 കെവി: 33 കോടി, ബേക്കൽ 33കെവി: 11 കോടി, ചിത്താരി 33 കെവി: 8 കോടി.  
 
ഉഡുപ്പി ലൈൻ: നഷ്ടപരിഹാര പ്രശ്‌നം പരിഹരിക്കും 
ഉഡുപ്പി-–- കാസർകോട്‌–- വയനാട് 400 കെവി ലൈൻ നിർമാണം പൂർത്തിയായാൽ സംസ്ഥാനത്തിന്റെ നിലവിലെ വൈദ്യുതി ഇറക്കുമതി ശേഷി 800 മെഗാവാട്ടായി ഉയർത്താൻ കഴിയുമെന്ന്‌ മന്ത്രി പറഞ്ഞു. എന്നാൽ ലൈൻ വലിക്കുന്നതിനും ടവർ സ്ഥാപിക്കുന്നതിനും നിശ്ചയിച്ച സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉണ്ടാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇത് പരിഹരിച്ച് ലൈൻ നിർമാണം ഉടൻ പൂർത്തിയാക്കും. 
ഉഡുപ്പി‍ കാസർകോട്‌ ട്രാൻസ്മിഷൻ ലിമിറ്റഡ് (യുകെടിഎൽ) കമ്പനി കരിന്തളത്ത് 400 കെവി സബ്സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കി. 
മൈലാട്ടി–- വിദ്യാനഗർ മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി സ്തംഭിച്ചിട്ടുണ്ട്‌. ഇക്കാര്യത്തിലും അടിയന്തിര ഇടപെടലുണ്ടാകും. 
 
കഴിഞ്ഞയാഴ്‌ച ചട്ടഞ്ചാലിൽ സംഘടിപ്പിച്ച വൈദ്യുതി വികസന സെമിനാറിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളാണ്‌ സബ്‌ മിഷനായി ഉന്നയിച്ചത്‌. നിലവിൽ ജില്ലയിൽ പാതിവഴിയിൽ നിൽക്കുന്ന പ്രധാന വൈദ്യുതി പദ്ധതികളുടെ പൂർത്തീകരണം സംബന്ധിച്ച ചർച്ചകൾ നടത്താനാണ്‌ 10ന്‌ ഉന്നത തലയോഗം വിളിച്ചത്‌. വിഷയം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുന്നതിനൊപ്പം തുടർ പ്രവർത്തനം കാര്യക്ഷമമായി നടത്തുന്നതിനുമാണ്‌ യോഗം. 
സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top