18 October Friday

ഒന്നായി ചേർന്ന്‌ നാടിനെ മാറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

കോടോം ബേളൂർ പഞ്ചായത്ത് ഹരിത കർമസേനാംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കൊപ്പം

രാജപുരം
സംസ്ഥാനത്തെ വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നായ  കോടോം ബേളൂർ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ വളരെ മുന്നിലാണ്‌. പഞ്ചായത്തിലെ 19 വാർഡിലും ഒരു പോലെ ശുചീകരണം ഏറ്റെടുത്ത് മാതൃകാ പ്രവർത്തനമാണ്‌  നടത്തുന്നത്. ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ മാസവും കൃത്യമായി വീടുകളിലെത്തി പ്ലാസ്റ്റിക്കും മറ്റും മറ്റ്‌ മാലിന്യവും നീക്കുന്നുണ്ട്. ക്ലീനാകാൻ കോടോം ബേളൂർ എന്ന സന്ദേശമയർത്തിയാണ് ക്യാമ്പയിൻ. ഇത്തവണത്തെ മാലിന്യമുക്തം ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ശുചീകരണ പ്രവർത്തനം പഞ്ചായത്തിൽ നടന്നു.  പൊതുയിടങ്ങൾ, ടൗണുകൾ, വ്യാപാര സ്ഥാപനങ്ങൾ, അങ്കണവാടികൾ, സർക്കാർ സർക്കാരിതര സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, റോഡരികുകൾ എന്നിവിടങ്ങൾ ശുചീകരിച്ചു. ഓരോ വാർഡുകളിലും 300 ഓളം പേർ പങ്കാളികളായി. പഞ്ചായത്തംഗങ്ങൾ, വാർഡ് കൺവീനർമാർ, ഗ്രാമസഭാ കോഡിനേറ്റർമാർ, കുടുംബശ്രീ എഡിഎസ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.  
മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ  ഓഫീസും പരിസരവും ശുചീകരിച്ചു.  അട്ടേങ്ങാനം ടൗൺ, ബേളൂർ മഹാദേവ ക്ഷേത്രം റോഡ്, ഓടയഞ്ചാൽ ടൗൺ മുതലായ സ്ഥലങ്ങൾ ശുചീകരിച്ചു. വ്യാപാരികൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ, വിവിധ സംഘടന പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന പ്രവർത്തകർ തുടങ്ങിയവർ  പങ്കാളികളായി. വിവിധ സ്‌കൂളുകളിൽ എൻസിസി, എൻഎസ്എസ്, എസ്‌പിസി തുടങ്ങിയവ ശുചിത്വ റാലികൾ, പദയാത്രകൾ, ബോധവത്കരണം തുടങ്ങിയവ സംഘടിപ്പിച്ച്‌ മാലിന്യമുക്ത പദ്ധതിയുടെ സന്ദേശം ജനങ്ങളിലെത്തിച്ചു. സ്‌കൂളുകളിലും മറ്റു പൊതുസ്ഥാപനങ്ങളിലും ഹരിത ചട്ടം പാലിച്ചാണ് എല്ലാ പരിപാടികളും നടത്തുന്നത്‌. 
 
ശുചിത്വത്തിന്റെ കാവലാൾ 
പഞ്ചായത്തിൽ 40 ഹരിത സേന അംഗങ്ങളാണുള്ളത്. മാസത്തിൽ ഒരു തവണ വീടുകളിൽ എത്തുമ്പോൾ നൂറ് ശതമാനം പേരും ഫീസ് കൃത്യമായി നൽകുന്നുണ്ട്.  കാലിച്ചാനടുക്കത്ത് എംസിഎഫ് കേന്ദ്രവും ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പോർക്കളത്തും, ഇതിന് പുറമെ തായന്നുർ, കോടോം, ബാനം എന്നിവടങ്ങളിലും മിനി എംസിഎഫും ആരംഭിച്ചിട്ടുണ്ട്. വാർഡ്‌ തോറും മാലിന്യം ശേഖരിക്കുന്ന  45 കേന്ദ്രം ആരംഭിക്കുന്നതിന്  അഞ്ച് ലക്ഷം രൂപ വകയിരുത്തി പ്രവർത്തനം പൂർത്തിയാക്കി. 
വാർഡുകളിൽ  ശുചിത്വത്തിന്റെ കാവലാൾ എന്നറിയപ്പെടുന്ന ഹരിതകർമ സേന അംഗങ്ങളെ ആദരിച്ചു.
 
ഹരിത ചട്ടം 
പൂർണമായി പാലിക്കും
പഞ്ചായത്ത് പൂർണമായും മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ഹരിത ചട്ടം പാലിച്ചുമാത്രമേ പഞ്ചായത്തിൽ ഇനി  പരിപാടികൾ ആസൂത്രണം ചെയ്യൂ. ഇതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു. ഇതിന് ഫണ്ട്‌ അനുവദിക്കുന്നതിൽ കുറവുണ്ടാകില്ല. നാടിനെ മാലിന്യമുകതമാക്കാൻ ത്രിതല പഞ്ചായത്ത് സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തും.
പി ശ്രീജ
കോടോം ബേളൂർ 
പഞ്ചായത്ത് പ്രസിഡന്റ്
 
മാലിന്യ മുക്ത 
പഞ്ചായത്താണ് ലക്ഷ്യം
മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാൻ ജനങ്ങളുടെ പൂർണ സഹകരണം ലഭിക്കുന്നുണ്ട്. വീടുകൾ പൂർണമായും മാലിന്യ മുക്തമാക്കുന്നതിന് വേണ്ട നടപടി ആരംഭിച്ചിട്ടുണ്ട്. വഴിയോരങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.  
പി ദാമോദരൻ
കോടോം ബേളൂർ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്
 
ഹരിത നാടിനായി
മാലിന്യ ശേഖരണത്തിനൊപ്പം ഹരിതകർമസേന നേതൃത്വത്തിൽ പുതിയ സംരംഭവും ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ എട്ടുലക്ഷം രൂപ ചിലവിൽ ഡിന്നർ സെറ്റ്‌ സംവിധാനം ആരംഭിച്ചിട്ടുണ്ട്‌. 
1000 സ്റ്റീൽ ക്ലാസ്, 1000 സ്റ്റീൽ പ്ലേറ്റുകൾ, വിവിധ പാത്രങ്ങൾ എന്നിവക്ക് പുറമെ കല്യാണ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാൻ കഴിയുന്ന ചെമ്പ് പാത്രങ്ങൾ എന്നിവയും വാടകക്ക് നൽകിവരുന്നു. 
പൊതുയോഗങ്ങളിൽ ഉപയോഗിക്കാൻ മൈക്കുകളും ആവശ്യമായ കസേര, മേശ എന്നിവയുമുണ്ട്‌.
 
ജനപിന്തുണയിൽ പദ്ധതി നടപ്പാക്കും
പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം സ്വച്ചതാ ഹീ സേവ പദ്ധതിക്ക് വലിയ തയ്യാറെടുപ്പാണ് നടത്തിവരുന്നത്. പഞ്ചായത്തിലെ പൊതുഇടങ്ങളും മറ്റും പൂർണമായും മാലിന്യമുക്തമാക്കി. ഹരിത കർമസേനാംഗങ്ങൾ നല്ല പ്രവർത്തനം  നടത്തിവരുന്നു. ജനങ്ങളുടെ പിന്തുണ ലഭിക്കുന്നതോടെ പഞ്ചായത്തിൽ നൂറ് ശതമാനവും പദ്ധതി നടപ്പാക്കാൻ കഴിയും.
കുഞ്ഞിക്കണ്ണൻ വരയിൽ
പഞ്ചായത്ത് അസി. സെക്രട്ടറി 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top