19 December Thursday
അരൂര്‍- തുറവൂര്‍ ഗതാഗതക്കുരുക്കിന്‌ പരിഹാരം

രണ്ട്‌ റോഡ് ദേശീയപാത അതോറിറ്റി ടാര്‍ ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
ആലപ്പുഴ
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ –- -തുറവൂർ മേഖലയിലുള്ള ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കാൻ തുറവൂർ –- -കുമ്പളങ്ങി തീരദേശ റോഡും തുറവൂർ–- തൈക്കാട്ടുശേരി റോഡും ഭാഗികമായി ഉടൻ ദേശീയപാത അതോറിറ്റി ടാർ ചെയ്യും. തുറവൂർ –-കുമ്പളങ്ങി തീരദേശ റോഡിലെ 10 കിലോമീറ്ററും തൈക്കാട്ടുശേരി റോഡിൽ അഞ്ച് കിലോമീറ്ററുമാണ് ടാർ ചെയ്യുക. അറ്റകുറ്റപ്പണി നടത്തി കൂടുതൽ വാഹനങ്ങൾ ഇതുവഴി കടത്തിവിടും. 
ദേശീയപാത നിർമാണത്തെ തുടർന്നുള്ള പരാതികൾ ചർച്ച ചെയ്യാനും നിർമാണ പുരോഗതി വിലയിരുത്താനും കലക്‌ടർ അലക്‌സ് വർഗീസ്‌  അധ്യക്ഷനായി ചേർന്ന യോഗത്തിലാണ്‌ തീരുമാനം. കെ സി വേണുഗോപാൽ എംപി, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ദേശീയ പാത അതോറിറ്റി റീജണൽ ഓഫീസർ (ആർഒ) ബി എൽ  മീണ എന്നിവർ പങ്കെടുത്തു. 
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സർവീസ് റോഡുകൾ വികസിപ്പിക്കാനും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോട്‌ നിർദേശിച്ചു. കായംകുളം ഒഎൻകെ ജങ്ഷനിലെ അടിപ്പാതയ്‌ക്ക്‌ കുറഞ്ഞത്‌ 4.5 മീറ്റർ  ഉയരം ഉറപ്പുവരുത്തും. ഹരിപ്പാട്, അമ്പലപ്പുഴ മേൽപ്പാതകളുടെ നീളം കൂട്ടണമെന്ന് ആവശ്യമുയർന്നതിനാൽ പ്രത്യേക പരിശോധന നടത്തും. 
മാരാരിക്കുളം കളിത്തട്ട്, പൊന്നാംവെളി എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കുന്നതും പരിശോധിക്കും. അർത്തുങ്കൽ അടിപ്പാതയുടെ നിർമാണം വേഗത്തിലാക്കും. ദേശീയപാതയിൽ ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ ദേശീയപാത, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി  ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദേശീയപാത നിർമാണ പ്രോജക്ട് ഡയറക്ടർ പി പ്രദീപ്,  സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്‌ടർ (എൽഎ) ഡി സി ദിലീപ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top