മട്ടന്നൂർ
വിപ്ലവസ്‌മരണകളുറങ്ങുന്ന, 172 വർഷത്തെ പഴക്കമുള്ള മട്ടന്നൂർ പൊലീസ് സ്‌റ്റേഷൻ ഇനി ഓർമ. പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിയതോടെ പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി. മട്ടന്നൂർ കലാപം എന്ന പേരിലറിയപ്പെടുന്ന 1852ലെ കര്‍ഷകസമര കാലത്താണ് മട്ടന്നൂർ പൊലീസ് സ്‌റ്റേഷൻ നിലവിൽ വന്നതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ജന്മിമാർക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് മട്ടന്നൂരിൽ പൊലീസ് ഔട്ട് പോസ്‌റ്റ് സ്ഥാപിച്ചത്. 1940 സെപ്‌തംബർ 15ന് കെപിസിസി ആഹ്വാനപ്രകാരം നടന്ന ദേശീയ പ്രതിഷേധ ദിനം മട്ടന്നൂർ സ്‌റ്റേഷന്റെ ചരിത്രത്തിൽ പ്രധാനമാണ്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ കര്‍ഷകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ വെടിവയ്‌ക്കാന്‍ ഇരുകൈകളിലും തോക്കുമായെത്തിയ രാമൻനായർ എന്ന പൊലീസുകാരൻ സമരക്കാരുടെ ചെറുത്തുനിൽപ്പിനിടെ കൊല്ലപ്പെട്ടു. തോക്കിനേക്കാൾ കരുത്ത് കര്‍ഷകരുടെ നെഞ്ചുറപ്പിനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പ്രക്ഷോഭകർക്കും കർഷകർക്കുമെതിരെ വലിയവേട്ടയാണ് നടത്തിയത്. പായം, തില്ലങ്കേരി, പഴശ്ശി, മട്ടന്നൂർ കലാപങ്ങളിൽ കർഷകരെ അടിച്ചമർത്താൻ പൊലീസിന് തണൽ നൽകിയതും ഇതേ മട്ടന്നൂർ പൊലീസ് സ്‌റ്റേഷൻ തന്നെ. പഴശ്ശി രക്തസാക്ഷികളിൽ പ്രധാനിയായ വി അനന്തന്റെ മൃതദേഹം മട്ടന്നൂർ സ്റ്റേഷനിലെത്തിച്ചിരുന്നതായും ചരിത്രം പറയുന്നുണ്ട്. അയ്യല്ലൂരിൽ ഈന്ത് മരത്തിൽ കെട്ടിയിട്ട് വെടിവച്ചുകൊന്ന ശേഷം മൃതദേഹം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് കൊടിമരത്തിന് സമീപം വച്ചെന്നാണ് അക്കാലത്ത് ദൃക്‌സാക്ഷികളായവർ പറഞ്ഞത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള കള്ളുഷാപ്പ് പിക്കറ്റിങ് ഉൾപ്പെടെയുള്ള സമരങ്ങളിൽ പോരാളികളെ ബ്രിട്ടീഷ് ഭരണകൂടം നേരിട്ടതും ഇതേ പൊലീസ് സ്റ്റേഷനിലാണ്. ആദ്യകാലത്ത് സ്വാതന്ത്ര്യസമര- കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രമായി പ്രവർത്തിച്ച മട്ടന്നൂർ സ്റ്റേഷൻ പിന്നീട് ജനമൈത്രി പൊലീസ് സ്റ്റേഷനായി. മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഉൾപ്പടെയുള്ളവർ സ്റ്റേഷന്റെ ചരിത്രം തയ്യാറാക്കിയിട്ടുണ്ട്.
സ്മാർട്ടാകും പുതിയ പൊലീസ് സ്റ്റേഷൻ
മട്ടന്നൂർ
വികസനത്തിലേക്ക് കുതിക്കുന്ന വിമാനത്താവള നഗരത്തിൽ പൊലീസ് സ്റ്റേഷനും സ്മാര്‍ട്ടാകുന്നു. മട്ടന്നൂർ-–-കണ്ണൂർ റോഡിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തോടുചേർന്ന സ്ഥലത്തുതന്നെയാണ് പുതിയ കെട്ടിടം നിർമിച്ചത്. 1988ൽ നിർമിച്ച പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിലായിരുന്നു സ്‌റ്റേഷൻ പ്രവർത്തിച്ചിരുന്നത്. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ് മറ്റൊരു പുതിയ കെട്ടിടത്തിലാണെങ്കിലും സബ് ഇൻസ്പെക്ടറുടെ ഓഫീസ്, ലോക്കപ്പ്, സന്ദർശകമുറി തുടങ്ങിയവയൊക്കെ സൗകര്യം കുറഞ്ഞ പഴയ കെട്ടിടത്തിലാണുള്ളത്. അന്താരാഷ്ട്ര വിമാനത്താവള നഗരിയിലെ സ്റ്റേഷൻ സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്നതിനിടെയാണ് സ്മാർട്ടാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ഒന്നരക്കോടിയോളം രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ രണ്ട് നിലകളിലായാണ് സ്റ്റേഷൻ നിർമിക്കുന്നത്. 2022 മാർച്ചിലാണ് കെട്ടിടത്തിന് മുഖ്യമന്ത്രി ഓൺലൈനായി കല്ലിട്ടത്. മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. നവംബറോടെ കെട്ടിടം സമര്‍പ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..