ആലക്കോട്
ജോലി വേണോ.. കൃഷി വേണോ... ഈ ചോദ്യത്തിന് ഒരു ഉത്തരമേ അന്നും ഇന്നും നടുവിൽ വേങ്കുന്ന് സ്വദേശി കല്ലിടുക്കനാനിക്കൽ മനോജിനുള്ളൂ. മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവിതം... അതാണല്ലോ, ബിരുദവും ഇലക്ട്രിക്കൽ ഡിപ്ലോമയും കഴിഞ്ഞ മനോജ് ജോസഫ് (52) വൈദ്യുതിബോർഡിൽ ലഭിച്ച ജോലി വേണ്ടെന്നുവച്ച് മണ്ണിലേക്ക് കാലൂന്നിയത്. മനോജിനൊപ്പം ജോലിയിൽ പ്രവേശിച്ചവർ സീനിയർ സബ് എൻജിനിയർമാരാണ്. സ്വന്തമായ ആറ് ഏക്കറിലും പാട്ടത്തിനെടുത്ത ഒരേക്കറിലും സമ്മിശ്ര കൃഷിചെയ്ത് നൂറുമേനി നേട്ടംകൊയ്‌ത് അതിനേക്കാൾ വലിയ ആത്മസംതൃപ്‌തയിലാണ് മനോജിപ്പോൾ. 40 ഇനം കുരുമുളക്, റബർ, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, വിവിധയിനം പച്ചക്കറികൾ, പശുവളർത്തൽ, തേൻ ഉൽപ്പാദനം അങ്ങനെ നിറഞ്ഞുനിൽക്കുന്നു. ഒന്നിൽ അൽപ്പം നഷ്ടംവന്നാലും മറ്റുള്ളവയിൽനിന്ന് മറികടക്കാനാകുന്നു. ഇതുവരെ നഷ്ടം ഉണ്ടായില്ലെന്ന് മനോജിന്റെ സാക്ഷ്യം.
2013ൽ നടുവിൽ പഞ്ചായത്തിലും 2018ൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലും മികച്ച യുവ കർഷകനായ മനോജ്, ഈ വർഷം നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകനായി. അഞ്ചു വർഷമായി നടുവിലിലും പന്നിയൂർ കൃഷി വിജ്ഞാനകേന്ദ്രത്തിലും കഴിഞ്ഞവർഷം മുതൽ ചെങ്ങളായി പഞ്ചായത്തിലും മഞ്ഞൾ വിത്ത് നൽകുന്നുണ്ട്. സ്വന്തമായുണ്ടാക്കുന്ന മണ്ണിര കമ്പോസ്റ്റാണ് പ്രധാന വളം, കൂടെ മറ്റു രാസവളവും.
നടുവിൽ കൃഷിഭവന്റെ സാങ്കേതിക സഹായങ്ങളാൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 40 ഇനം കുരുമുളക് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.ആവശ്യക്കാർക്ക് തൈ നൽകുന്നു. മണ്ണിര കമ്പോസ്റ്റിനെക്കുറിച്ച് പഠിക്കാനെത്തുന്നവർക്ക് സാങ്കേതിക പരിജ്ഞാനം നൽകി, സൗജന്യമായി മണ്ണിരയും നൽകാറുണ്ട്. പാരമ്പര്യ അറിവും അനുഭവവും തനതു പരീക്ഷണങ്ങളുമായി കൃഷി ജീവിതമാക്കുകയാണ് മനോജ്. രണ്ടു സ്ഥിരം തൊഴിലാളികളും കുറച്ചു താൽക്കാലിക തൊഴിലാളികളുമാണ് കൂട്ട്. ലാഭനഷ്ടം പരിഗണിക്കാതെ തൊഴിലാളികളെ ചേർത്തുനിർത്തുന്നതാണ് ശീലം. പുലിക്കുരുമ്പ ക്ഷീരസംഘത്തിന്റെ പ്രസിഡന്റായ മനോജിനൊപ്പം ഭാര്യ ലിനിയും മക്കളായ മൗറിനും ഫ്ലവറിനും ജോഷയുമുണ്ട്. ഫോൺ: 9747140567.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..