പാപ്പിനിശേരി
കണ്ണുകൾകെട്ടി ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ മാജിക് ട്രിക്‌സുകൾ അവതരിപ്പിച്ച ഗിന്നസ് റെക്കോഡ് പാപ്പിനിശേരി സ്വദേശിക്ക്. മോസ്റ്റ് മാജിക് ട്രിക്സ് പെർഫോമഡ് ബ്ലൈൻഡ് ഫോൾഡഡ് ഇൻ വൺ മിനിറ്റ്’ എന്ന കാറ്റഗറിയിലാണ് പാപ്പിനിശേരി വെസ്റ്റ് ഹാജി റോഡിൽ റോഷ്ന വില്ലയിൽ ആൽവിൻ റോഷൻ റെക്കോഡ് നേടിയത്.
മുമ്പ് വ്യത്യസ്തമായ രണ്ട് ഗിന്നസ് റെക്കോഡും നേടിയിട്ടുണ്ട്. 2023ൽ ലണ്ടൻ മജീഷ്യൻ മാർട്ടിൻ റീസ് സ്ഥാപിച്ച 36 മാജിക് ട്രിക്സുകളുടെയും, 2024ൽ അമേരിക്കൻ മജീഷ്യൻ ഇയാൻ സ്റ്റുവർട്ട് സ്ഥാപിച്ച 39 മാജിക് ട്രിക്സുകളുടെയും റെക്കോഡുകൾ ഒരുമിച്ചു മറികടന്നാണ് റെക്കോഡ് നേട്ടം. ഒരു മിനിറ്റിൽ 43 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചാണ് ലോകത്തിലെ വേഗതയേറിയ മജീഷ്യൻ എന്ന ഗിന്നസ് വേൾഡ് റെക്കോഡ് ടൈറ്റിൽ സ്വന്തമാക്കിയത്. ഇന്ത്യയിൽനിന്ന് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ മജീഷ്യൻകൂടിയാണ് ആൽവിൻ.
2022ൽ ഒരു മിനിറ്റിൽ 76 തീപ്പെട്ടിക്കുള്ളികൾ അടുക്കിവച്ച് ടവർ നിർമിച്ചായിരുന്നു ആദ്യ ഗിന്നസ് നേടിയത്. 2023ൽ സ്റ്റേജ് മാജിക് ഇനത്തിൽ മൂന്നു മിനിറ്റിൽ 11 സ്റ്റേജ് ഇല്യൂഷൻ ട്രിക്സുകൾ അവതരിപ്പിച്ചായിരുന്നു രണ്ടാം റെക്കോഡ് കരസ്ഥമാക്കിയത്.
എട്ടാം വയസ്സിലാണ് മാജിക് അവതരിപ്പിച്ചു തുടങിയത്. പരിശീലകരില്ലാതെ സ്വയം പഠിച്ചായിരുന്നു പ്രകടനം. കുട്ടികളുടെ മാസികയിലെ ആഴ്ചപ്പതിപ്പിൽ വരുന്ന ‘നിങ്ങൾക്കും മാജിക് പഠിക്കാം’ പംക്തിയിലൂടെയായിരുന്നു ബാലപാഠം. ഗുരുക്കന്മാർ ഇല്ലാതെ അഞ്ചുവേദികളിൽ സ്വന്തമായി ഉണ്ടാക്കിയ മാജിക് ഉപകരണങ്ങൾ ഉപയോഗിച്ചും. കൂട്ടുകാരുടെ മുന്നിലും അയൽവാസികളുടെ വീടുകളിലും അവതരിപ്പിച്ചാണ് പരീക്ഷണം. കക്കാട് കോർജൻ യുപി സ്കൂളിലായിരുന്നു അരങ്ങേറ്റം.
2007ൽ മുതുകാടിന്റെ മാജിക് അക്കാദമിയിൽ ചേർന്ന് പഠനം പൂർത്തിയാക്കി. മാജിക്കും മെന്റലിസവും ഇടകലർത്തിക്കൊണ്ടുള്ള പ്രകടനം 2000 വേദികളിൽ അവതരിപ്പിച്ചു.
പാപ്പിനിശേരി വെസ്റ്റ് ഹാജി റോഡിന് സമീപത്തെ റോഷ്ന വില്ലയിൽ സോളമൻ ഡേവിഡ് മാർക്കിന്റെയും അനിത മാർക്കിന്റെയും മകനാണ്. ഭാര്യ പമിത. സഹോദരി. റോഷ്‌ന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..