കാസർകോട്
നീണ്ടകാലത്തെ മികച്ച സേവനത്തിനുശേഷം "റൂണി' വിശ്രമജീവിതത്തിലേക്ക് മടങ്ങിയെങ്കിലും കുറ്റവാളികളെ കണ്ടെത്തി കൈയോടെ പൊക്കാൻ ജില്ലയുടെ പൊലീസ് സേനയ്‌ക്കൊപ്പം "ടൈസനുണ്ട്'. പൊലീസ് നായ റൂണിയ്‌ക്കൊപ്പം നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ച മിടുക്കനാണ് ബെൽജിയൻ മാലിനോയിസ് വിഭാഗത്തിൽപെട്ട ട്രാക്കർ ഡോഗായ "ടൈസൺ'. ഒരു വയസും മൂന്നുമാസവും പ്രായമുള്ളപ്പോൾ 2020 ഒക്ടോബർ 24നാണ് ടൈസൺ കാസർകോട് പൊലീസിന്റെ ഭാഗമായത്. ചുരുങ്ങിയ കാലത്തിനുള്ളിൽ മൂന്ന് ഗുഡ് സർവീസ് സർട്ടിഫിക്കറ്റും അഞ്ച് അഭിനന്ദന കത്തും ഡിജിപിയുടെ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് അവാർഡും സ്വന്തമാക്കി.
ഹൊസ്‌ദുർഗ് സ്‌റ്റേഷൻ പരിധിയിൽനിന്നും കാണാതായ ആളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ടൈസനാണ്. കാണാതായ ആളുടെ വസ്‌ത്രം മണപ്പിച്ച് ഒരു കിലോമീറ്റർ അകലെയുള്ള കിണറിനടുത്താണ് എത്തിയത്. ഇയാളെ ഈ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആദൂർ സ്‌റ്റേഷൻ പരിധിയിൽ മോഷണം നടന്ന വീട്ടിലുണ്ടായിരുന്ന ഒരു ചെരിപ്പ് മണപ്പിച്ച ശേഷം മോഷ്ടാവിന്റെ വീട്ടിലെത്തി മറ്റേ ചെരിപ്പ് കണ്ടെത്തിയതും ടൈസനായിരുന്നു. ബേഡകം സ്‌റ്റേഷൻ പരിധിയിൽനിന്നും കാണാതായ ആളുടെ ചെരിപ്പ് മണപ്പിച്ച് ഒന്നര കിലോമീറ്റർ അകലെ പുഴവക്കിലെത്തി നിന്നു. ഇയാളുടെ മൃതദേഹം പുഴയിൽനിന്നാണ് കണ്ടെത്തിയത്. ആദൂർ സ്‌റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു കിടന്ന വസ്‌ത്രം മണപ്പിച്ച ശേഷം ഇടവഴികളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് അമ്മയുടെ വീട്ടിലെത്തി ടൈസൻ മികവുകാട്ടി. സിവിൽ പൊലീസ് ഓഫീസർമാരായ പി ശ്രീജിത്ത്‌കുമാർ, പി രജിത്ത് എന്നിവരാണ് ടൈസന്റെ പരിശീലകർ.
റൂണിയുടെ ഒഴിവിൽ തൃശൂർ ക്യാമ്പിൽ പരിശീലനത്തിലുള്ള "ജെസി'യാണ് ജില്ലയിലേക്കെത്തുക. ബെൽജിയൻ മാലിനോയിസ് വിഭാഗത്തിൽപെട്ട ട്രാക്കർ ഡോഗാണിത്. നിലവിൽ നാല് മാസ പരിശീലനം പൂർത്തിയാക്കിയ "ജെസി' അഞ്ച് മാസം കഴിഞ്ഞാണ് ജില്ലാ പൊലീസ് സേനയുടെ ഭാഗമാവുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..