08 November Friday

വീട്ടുടമസ്ഥന്റെ മുന്നിൽനിന്ന്‌ വളർത്തുനായയെ 
പുലി കൊണ്ടുപോയി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

മുളിയാർ പാണൂരിൽ വീട്ടുടമസ്ഥന്റെ മുന്നിൽനിന്ന്‌ വളർത്തു നായയെ പുലി പിടിച്ച പ്രദേശങ്ങൾ ജനപ്രതിനിധികളും 
വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നു

 

മുളിയാർ 
പാണൂരിൽ ഭീതി പരത്തി പുലി. മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി, കാനത്തൂർ ഭാഗങ്ങളിൽ കണ്ട  പുലി ഒരാഴ്ചയായി പാണൂരിലാണ്‌. തോട്ടത്തുമൂലയിൽ വളർത്തുനായയെ ഗൃഹനാഥന്റെ മുന്നിൽ നിന്ന് പുലി പിടിച്ചു കൊണ്ടുപോയി. വ്യാഴാഴ്ച പുലർച്ചെ 3.30ന്‌ ഓട്ടോഡ്രൈവർ മണികണ്ഠന്റെ വീട്ടിലാണ് സംഭവം. രാത്രിയിൽ തന്നെ വളർത്തുനായ നിരന്തരമായി കുരച്ചിരുന്നു. പേടിച്ച നായ മണികണ്ഠന്റെ കാറിന്റെ അടിയിൽ ഉറങ്ങുന്നതിനിടെ പുലി പിടിച്ച്  വലിച്ചഴയ്ച്ച് കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന മണികണ്ഠൻ ടോർച്ചുമായി പിറകെ പോയി. കുത്തനെയുള്ള റോഡിൽ മുകളിലേക്ക് നായയെ കടിച്ച്‌ തൂക്കി പോകുന്ന പുലിയെ ഇദ്ദേഹം കണ്ടു. റോഡിലേക്ക് ടോർച്ച് അടിച്ചപ്പോൾ ഓടുന്ന പുലി ഒരു നിമിഷം നിന്ന്  പിന്തിരിഞ്ഞുനോക്കി ഇരുട്ടിലേക്ക് മറഞ്ഞു.  നായയെ കൊന്നെന്നും പുലിയെ കൃത്യമായി കണ്ടെന്നും മണികണ്ഠൻ പറഞ്ഞു. മൂന്ന് ആഴ്ച മുമ്പും സമാന രീതിയിൽ തോട്ടത്തുമൂലയിൽ നിന്ന് നായയെ കാണാതായിരുന്നു. ഇ കരുണാകരന്റെ വളർത്തുനായയെയാണ് പിടിച്ചുകൊണ്ട് പോയത്. വൈകിട്ട് ഏഴിന് പുറത്തേക്ക് വിട്ട നായ റോഡിലെത്തിയതോടെ അദൃശ്യമായി. റോഡിലേക്ക് അന്വേഷിച്ച് എത്തിയപ്പോൾ ഒരു ശബ്ദം മാത്രമേ കേട്ടുള്ളൂ എന്നും കൂടെയുണ്ടായ നായകൾ ഇപ്പോൾ വീട് വിട്ട് പുറത്തേക്ക് പോകാൻ ഭയക്കുന്നതായി കരുണാകരൻ പറഞ്ഞു. 
നിരീക്ഷണ കാമറ സ്ഥാപിച്ചു
ഇരിയണ്ണിക്ക് പുറമെ കാനത്തൂർ, പാണൂർ എന്നിവിടങ്ങളിൽ പുലി സാന്നിധ്യം ഉണ്ടെന്നും ഇവയെ പിടികൂടാൻ വേണ്ട ഇടപെടൽ നടത്തുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പാണൂരിൽ പുലി സാന്നിധ്യം ഉറപ്പിച്ച സ്ഥലത്ത് രണ്ട് ക്യാമറ സ്ഥാപിച്ചു. കൂട് സ്ഥാപിക്കാൻ നിയമപരമായ നടപടി ആരംഭിച്ചിട്ടുണ്ട്. ഇരിയണ്ണി, കാനത്തൂർ എന്നിവിടങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.   പ്രദേശം ജില്ലാ വനം മേധാവി കെ അഷറഫ്, കാസർകോട് റേഞ്ച് ഓഫീസർ സി വി വിനോദ് കുമാർ, ആർആർടി എസ്എഫ് ജയകുമാർ, എസ്എഫ് ബാബു എന്നിവർ  സന്ദർശിച്ചു. 
ജാഗ്രത സമിതി ഇന്ന് 
ഇരിയണ്ണി, കാനത്തൂർ, പാണൂർ എന്നിവിടങ്ങളിൽ പുലിയുടെ ശല്യം രൂക്ഷമായതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച മുളിയാർ പഞ്ചായത്ത് ഓഫീസിൽ ജാഗ്രതാ സമിതി യോഗം ചേരും. ജനപ്രതിനിധികൾ, വനംവകുപ്പ് അധികൃതർ, കർഷകർ എന്നിവർ പങ്കെടുക്കും.  
അടിയന്തര നടപടി വേണം 
പുലിയെ വീട്ടുടമസ്ഥൻ കാണുകയും നായയെ വീടിന് മുന്നിൽ നിന്ന് പിടിച്ചുകൊണ്ട് പോയ സംഭവവും ഉണ്ടായ സഹചാരത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് സിപിഐ എം കോട്ടൂർ ലോക്കൽ സെക്രട്ടറി വി കുഞ്ഞിരാമനും പഞ്ചായത്തംഗം ഇ മോഹനനും ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top