08 November Friday

നീലേശ്വരം വെടിക്കെട്ടപകടം പ്രതികളുടെ ജാമ്യം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
കാസർകോട്‌
നീലേശ്വരം വെടിക്കെട്ടപകടത്തിലെ എല്ലാ പ്രതികളുടെയും ജാമ്യം ജില്ലാ സെഷൻസ്‌ കോടതി റദ്ദാക്കി. പുറത്തിറങ്ങിയ രണ്ടുപേർക്കുള്ള വാറണ്ട്‌ പുറപ്പെടുവിച്ചു.  
പ്രതികൾ കുറ്റകരമായ അനാസ്ഥ കാട്ടിയതായി അന്വേഷക സംഘം നൽകിയ ജാമ്യം റദ്ദാക്കൽ ഹർജിയിൽ പറഞ്ഞു. ജില്ലാ ഗവ. പ്ലീഡർ പി വേണുഗോപാലൻ നൽകിയ ഹർജി പരിഗണിച്ച്‌ സെഷൻസ്‌ കോടതി ജഡ്‌ജ്‌ സാനു എസ്‌ പണിക്കരാണ്‌ ജാമ്യം റദ്ദാക്കിയത്‌. നിലവിൽ പുറത്തിറങ്ങിയ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ എന്നിവർക്ക്‌ കോടതി വാറണ്ടയച്ചു. പടക്കം പൊട്ടിച്ച ഏഴാംപ്രതി പി രാജേഷ്‌, ഒമ്പതാം പ്രതി കെ വി വിജയൻ എന്നിവർ റിമാൻഡിലാണ്‌.  
നാലുപേർ മരിച്ച സാഹചര്യത്തിൽ ഭാരതീയ ന്യായസംഹിത പ്രകാരം ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്‌. അറസ്‌റ്റിലാവാനുള്ള ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന്‌ അന്വേഷകസംഘം മേധാവി ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്‌ പറഞ്ഞു. 
 
തിര നിറച്ച തോക്ക്‌ കുട്ടിയുടെ കൈയിൽ കിട്ടിയപോലെ
അന്വേഷണ സംഘം ഹാജരാക്കിയ അപകടസ്ഥലത്തെ ദൃശ്യങ്ങൾ പരിശോധിച്ചതായി, ജില്ലാ സെഷൻസ്‌ കോടതിയുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ പറയുന്നു. അവിടത്തെ കാഴ്‌ചകൾ ഭയാനകമാണ്‌. 
ആൾക്കാരുടെ അടുത്ത്‌ പടക്കം പൊട്ടിച്ചാൽ അപകടം ഉണ്ടാകുമെന്ന്‌ അറിയാത്തവരല്ല പ്രതികൾ. അതിനാൽ തന്നെ നരഹത്യാ കുറ്റം ചുമത്തുന്നതിൽ പ്രശ്‌നമില്ല. ആൾക്കാർ കൂടിയിരിക്കുന്ന സ്ഥലത്ത്‌ പടക്കം പൊട്ടിച്ച ഒരാൾ, കുറ്റാരോപിതനാണ്‌ എന്ന്‌ പറയാൻ കൂടുതൽ തെളിവ്‌ കണ്ടുപിടിക്കേണ്ടതില്ല. 
തിര നിറച്ച ഒരുതോക്ക്‌ കുട്ടിയുടെ കൈയിൽ കൊടുത്ത്‌ ജനങ്ങളുടെ ഇടയിലേക്ക്‌ വിട്ട അവസ്ഥയാണ്‌ അവിടെയുണ്ടായത്‌. ആചാരത്തിന്റെ പേരിൽ ഇത്തരം വെടിക്കെട്ടുകൾ ഇങ്ങനെ തുടരേണ്ടതുണ്ടോയെന്ന്‌ ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ. ഇനിയും ഇത്തരം വെടിക്കെട്ട്‌ നടക്കുമ്പോൾ, അതിന്‌ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ അധികാരികൾ ശ്രദ്ധിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top