26 November Tuesday

പരപ്പച്ചാൽ പാലം: 
വൈകരുത്‌ പരിഹാരം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

പരപ്പച്ചാൽ പാലം

 

ഭീമനടി 
പരപ്പച്ചാൽ പാലവും ഇവിടത്തെ റോഡിലെ കൊടും വളവും ഇതുവഴിയുള്ള യാത്ര ഭീതിനിറഞ്ഞതാക്കുന്നു. അപകടങ്ങൾ പലതുനടന്നിട്ടും പാലവും റോഡും ശാസ്‌ത്രീയമായി പുതുക്കിപ്പണിയാൻ  നടപടിയായില്ല. കുടിയേറ്റ കാലത്ത്‌ കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിയിറക്കുമ്പോൾ  കൂപ്പുകളിൽനിന്ന് മരങ്ങൾ ലോറിയിൽ കൊണ്ടുവരാനായി കയറ്റവും വളവും ഒക്കെ നിലനിർത്തി അശാസ്‌ത്രീയമായി നിർമിച്ച ഗ്രാമീണ റോഡുകളാണ്  പിന്നീട് ടാർ ചെയ്ത്  വാഹനഗതാഗതത്തിനുള്ള റോഡാക്കിമാറ്റിയത്‌. 
ദീർഘവീക്ഷണമില്ലാതെ നിർമിച്ച റോഡിന്റെ  ദുരന്തമാണ് ഇന്നനുഭവിക്കുന്നത്. കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളെ  ബന്ധിപ്പിച്ച് പഴയ മൺ റോഡായ മുക്കട –- കുന്നുംകൈ –- ചിറ്റാരിക്കാൽ റോഡിൽ പരപ്പച്ചാൽ തോടിന് കുറുകെ 1971 ലാണ്‌  പാലം നിർമിച്ചത്‌. ഇവിടെ അപകടങ്ങൾ  നിരവധി നടന്നിട്ടും പാലം അതേപടി തുടരുന്നു. 
മുക്കട മുതൽ ഗവ. ആയുര്‍വേദ ആശുപത്രിവരെ പരപ്പച്ചാൽ പാലത്തിന്റെ ഇരുവശവും അശാസ്ത്രീയമായ വളവും കുത്തനെയുള്ള ഇറക്കവുമാണ്. താഴ്ന്ന ഭാഗത്തുള്ള പാലത്തിലേക്ക്  കുത്തനെ ഇറങ്ങിവരുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിലാവുന്നു. നിരവധി വാഹനങ്ങൾ  പാലത്തിന്റെ കൈവരി തകർത്ത് 20 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം സിമന്റുമായി വന്ന ലോറി കൈവരിയും വൈദ്യുതി തൂണും തകർത്ത് മറിഞ്ഞ് ഒരാൾ മരിച്ചു. 
അന്നുതന്നെ വൈകിട്ട് പാചകവാതക സിലണ്ടറുമായി വന്ന ലോറി പാലത്തിൽ നിൽക്കുകയായിരുന്ന യുവാവിനെയടക്കം ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞു.  യുവാവ് ഇന്നും ചികിത്സയിലാണ്. മീൻ വിൽപനക്കാരനായ യുവാവ്‌ മീൻ വണ്ടി ഉൾപ്പെടെ മറിഞ്ഞ് ഇപ്പോഴും ചികിത്സയിലാണ്. പാലത്തിന്റെ ഇരുകരകളിലുമുള്ള മൂന്ന് വീടുകൾ  അപകട ഭീതിയിലാണ്. 
വീടുകളിലേക്ക്‌ വാഹനങ്ങൾ മറിഞ്ഞ് നിരവധി അപകടമുണ്ടായി.  ഇവിടെ ഇരുഭാഗത്തെയും വളവുകൾ ഒഴിവാക്കി കയറ്റം കുറച്ചാൽ മാത്രമേ സുരക്ഷിതമായി വാഹനങ്ങൾക്ക്‌ സഞ്ചരിക്കാനാവൂ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top