18 November Monday

പൊൻപ്രഭയിൽ തലശേരി സായി സെന്റർ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

സംസ്ഥാന സ്കൂൾ കായികമേളയിൽ ഫെൻസിങ്ങിൽ വിവിധ ഇനങ്ങളിൽ ജേതാക്കളായ 
തലശേരി സായിയിലെ താരങ്ങൾ പരിശീലകനായ അരുൺ രാജ്കുമാറിനൊപ്പം

 

തലശേരി 
ഒളിമ്പിക്‌സിൽ വാൾവീശിയ ഭവാനിദേവിയുടെ പാരമ്പര്യം കാത്ത്‌ തലശേരി സായിയിലെ വീരാംഗനമാർ. ഫെൻസിങ്ങിൽ മെഡലുകൾ വാരിക്കൂട്ടിയ തലശേരി സായിയിലെ താരങ്ങൾ സംസ്ഥാന സ്കൂൾ കായികമേളയിൽ കണ്ണൂരിന്റെ കരുത്തായി. രാജ്യാന്തര താരങ്ങളുമായി ഇറങ്ങിയ കണ്ണൂർ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിലെ എല്ലാസ്വർണവും സ്വന്തമാക്കി. ഒരു ഇനത്തിലൊഴികെ വ്യക്തിഗത ഇനങ്ങളിലെ ഫൈനൽ പോരാട്ടങ്ങളെല്ലാം കണ്ണൂർ ജില്ലക്കാർ തമ്മിലായിരുന്നു. തലശേരി സായി സെന്ററിന്റെ കരുത്തിലായിരുന്നു ഈ മുന്നേറ്റം. ഇവിടുത്തെ പത്തുപേരാണ്  ഫെൻസിങ്ങിലെ വിവിധയിനങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചത്. കണ്ണൂരിനും സായിക്കും മാത്രമല്ല, തലശേരിയിലെ സ്‌കൂളുകൾക്കും ഈ നേട്ടത്തിൽ ആഹ്ലാദിക്കാനേറെ. 
സീനിയർ പെൺകുട്ടികളുടെ എപ്പി വ്യക്തിഗത വിഭാഗത്തിൽ നിവേദ്യ എൽ നായർ സ്വർണവും റീബ ബെന്നി വെള്ളിയും നേടി. എപ്പി ടീം വിഭാഗത്തിൽ ജെ ആര്യയും എസ് അൻഷികയും പൊന്നണിഞ്ഞു. ഫോയിൽ വ്യക്തിഗത വിഭാഗത്തിൽ ആൻമരിയ വിനോസ് സ്വർണവും ജ്വാന വെങ്കലവും നേടി. ഫോയിൽ ടീമിൽ  അർചിത സിങ്ങിനോടൊപ്പം ചേർന്ന് മൂവരും സ്വർണം നേടി. സാബെർ വ്യക്തിഗത വിഭാഗത്തിൽ ഇ തിയ സ്വർണവും ബെർണൈസ്  വെള്ളിയും നേടി. ടീമിൽ എം എസ് ആനിയുമായി ചേർന്ന് മൂവർ സംഘം സ്വർണം നേടിയെടുത്തു. 
എപ്പി വിഭാഗത്തിൽ സ്വർണവും വെള്ളിയും നേടിയ നിവേദ്യയും റീബയും അന്താരാഷ്ട്രതാരങ്ങളാണ്. ക്രൈസ്റ്റ് ചർച്ചിൽ നടന്ന കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി ടീമിനത്തിൽ വെള്ളിമെഡൽ നേടിയിട്ടുണ്ട്. വ്യക്തിഗത ഇനത്തിൽ നിവേദ്യ വെങ്കലവും നേടിയിരുന്നു. ദുബായിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ബഹ്‌റൈനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട് നിവേദ്യ. 
തലശേരി സായി സെന്ററിൽ ഒരുമിച്ചാണ് ഇരുവരുടെയും പരിശീലനം. നിവേദ്യ തലശേരി  ഗവ. ബ്രണ്ണൻ സ്കൂളിൽ പ്ലസ് വണ്ണിലും റീബ തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്തിലുമാണ് പഠിക്കുന്നത്. അഞ്ചുവർഷമായി ഇരുവരും തലശേരി സായിയിലെത്തിയിട്ട്. ആൻമരിയ, അർചിത (തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ), ഇ തിയ, ആനി (തലശേരി ഗവ ഹയർ സെക്കൻഡറി). സാഗർ എസ് ലാഗു, അരുൺ രാജ് കുമാർ  എന്നിവരാണ് പരിശീലകർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top