23 December Monday

നീലേശ്വരം വെടിക്കെട്ടപകടം പ്രതികളുടെ 
ജാമ്യം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 കാസർകോട്‌

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രം കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിലെ എല്ലാ പ്രതികളുടെയും ജാമ്യം ജില്ലാ സെഷൻസ്‌ കോടതി റദ്ദാക്കി. പുറത്തിറങ്ങിയ രണ്ടുപേർക്കുള്ള വാറന്റും പുറപ്പെടുവിച്ചു.  പ്രതികൾ കുറ്റകരമായ അനാസ്ഥ കാട്ടിയതായി അന്വേഷകസംഘം നൽകിയ ജാമ്യം റദ്ദാക്കൽ ഹർജിയിൽ പറഞ്ഞു. ജില്ലാ ഗവ. പ്ലീഡർ പി വേണുഗോപാലൻ നൽകിയ ഹർജി പരിഗണിച്ച്‌ സെഷൻസ്‌ കോടതി ജഡ്‌ജി സാനു എസ്‌ പണിക്കരാണ്‌ ജാമ്യം റദ്ദാക്കിയത്‌. 
നിലവിൽ പുറത്തിറങ്ങിയ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ എന്നിവർക്കാണ്‌ കോടതി വാറന്റയച്ചത്‌. പടക്കം പൊട്ടിച്ച ഏഴാംപ്രതി പി രാജേഷ്‌, ഒമ്പതാം പ്രതി കെ വി വിജയൻ എന്നിവർ റിമാൻഡിലാണ്‌.  നാലുപേർ മരിച്ച സാഹചര്യത്തിൽ ഭാരതീയ ന്യായസംഹിത പ്രകാരം ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്‌. അറസ്‌റ്റിലാകാനുള്ള ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന്‌ അന്വേഷകസംഘം മേധാവി ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്‌ പറഞ്ഞു. 
തിര നിറച്ച തോക്ക്‌ 
കുട്ടിയുടെ കൈയിൽ 
കൊടുത്തതുപോലെയെന്ന്‌ 
അന്വേഷകസംഘം ഹാജരാക്കിയ അപകടസ്ഥലത്തെ ദൃശ്യങ്ങൾ പരിശോധിച്ചതായി ജില്ലാ സെഷൻസ്‌ കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവിൽ പറയുന്നു. അവിടുത്തെ കാഴ്‌ചകൾ ഭയാനകമാണ്‌. ആൾക്കാരുടെയടുത്ത്‌ പടക്കം പൊട്ടിച്ചാൽ അപകടമുണ്ടാകുമെന്ന്‌ അറിയാത്തവരല്ല പ്രതികൾ. അതിനാൽ നരഹത്യാക്കുറ്റം ചുമത്തുന്നതിൽ പ്രശ്‌നമില്ല. 
ആൾക്കാർ കൂടിയിരിക്കുന്ന സ്ഥലത്ത്‌ പടക്കംപൊട്ടിച്ചയൾ കുറ്റാരോപിതനാണെന്നു പറയാൻ കൂടുതൽ തെളിവ്‌ കണ്ടുപിടിക്കേണ്ടതില്ല. തിര നിറച്ച തോക്ക്‌ കുട്ടിയുടെ കൈയിൽ കൊടുത്ത്‌ ജനങ്ങളുടെ ഇടയിലേക്കുവിട്ട അവസ്ഥയാണ്‌ അവിടെയുണ്ടായത്‌. ആചാരത്തിന്റെ പേരിൽ ഇത്തരം വെടിക്കെട്ടുകൾ ഇങ്ങനെ തുടരേണ്ടതുണ്ടോയെന്ന്‌ ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ. ഇനിയും ഇത്തരം വെടിക്കെട്ട്‌ നടക്കുമ്പോൾ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ അധികാരികൾ ശ്രദ്ധിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top