24 November Sunday

റബര്‍ക്കുരു വില 
സര്‍വകാല റെക്കോഡില്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
മൂലമറ്റം
റബർ വില ദിവസേന ഇടിയുന്നതിനിടെ റബർക്കുരുവിന്റെ വില സർവകാല റിക്കോഡിൽ. ഒരുകിലോ കുരുവിന് 120മുതൽ 140രൂപ വരെയാണ് വില. കൂടിയ വില നൽകിയിട്ടും ആവശ്യത്തിന് കുരു കിട്ടാനില്ല. കാലാവസ്ഥാ മാറ്റം ഈ വർഷം ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്. കനത്ത മഴയാണ് കാരണം. കഴിഞ്ഞ വർഷത്തേതിന്റെ നാലിലൊന്ന് പോലും ഇക്കുറി ശേഖരിക്കാനായിട്ടില്ല. സീസൺ ആകുമ്പോഴേക്ക് കുരു മൂക്കുകയും ഉണങ്ങുകയും ചെയ്യും. ആഗസ്‍ത്,​ സെപ്തംബർ മാസങ്ങളിൽ പൊട്ടുകയാണ് ചെയ്യുക. എന്നാൽ ഈ വർഷം ആവശ്യത്തിന് കുരു കായ്ച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തെ മഴ കുരു ഉണക്കലിനെ ബാധിച്ചു.
വർഷത്തിൽ ഏറിയാൽ ഒരുമാസമാണ് റബർക്കുരു ശേഖരണവും വിപണനവും നടക്കുന്നത്. സാധാരണ ആഗസ്‍ത് അവസാനം തുടങ്ങി സെപ്തംബർ അവസാനം വരെയാണ് ശേഖരണകാലം. കഴിഞ്ഞവർഷം കിലോയ്‍ക്ക് 50 രൂപ വരെയായിരുന്നു കൂടിയവില. സീസണിൽ കുറഞ്ഞത് 500മുതൽ 1000 രൂപവരെ കുരു പെറുക്കിയതിലൂടെ ഓരോരുത്തര്‍ക്കും വരുമാനം ലഭിക്കും. സീസണായാല്‍ കുരു ശേഖരണത്തിന് വ്യാപാരികൾ മുന്നിട്ടിറങ്ങും.
 
വടക്കു കിഴക്കൻ 
സംസ്ഥാനങ്ങളിലേക്ക്
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് റബർക്കുരു പ്രധാനമായും കയറ്റിയയക്കുന്നത്. അവിടങ്ങളിൽ റബർ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഴ്സറിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. നേരത്തെ തൈകളും ഇവിടങ്ങളിലേക്ക് കയറ്റിപ്പോയിരുന്നു. കുരു നേരിട്ടെത്തിക്കാൻ തുടങ്ങിയതോടെ  ഡിമാൻഡ് കൂടി. ഏറ്റവും മുന്തിയ ഇനവും അത്യുൽപ്പാദന ശേഷിയുള്ളതുമായ റബർക്കുരുവിന് ആവശ്യക്കാരേറെയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top