സ്വന്തം ലേഖകൻ
തൃശൂർ
നാട്ടിടങ്ങളിലെ യൗവനത്തുടിപ്പുകൾ. തിരുവാതിരകളി, നാടോടി നൃത്തം, മോഹിനിയാട്ടം എന്നിങ്ങനെ ആകെ കളറായി കേരളോത്സവം. സ്കൂളിലും കലാലയങ്ങളിലും അവസരം ലഭിക്കാത്ത വീട്ടമ്മമാർ ഉൾപ്പെടെ പുതിയ താരോദയങ്ങൾ. സെൽഫിയെടുത്തും നവമാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചും ജനകീയ ഉത്സവം.
ജില്ലാ പഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആലപിച്ച കേരളോത്സവ ഗാനത്തോടെയാണ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചത്. ചീഫ്‌വിപ്പ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. സിനിമ താരം ജെസ്നിയ ജയദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം പത്മിനി സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി ആർ ശ്രീകല നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ 16 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ വിജയികളാണ് മാറ്റുരയ്‌ക്കുന്നത്. ഏഴ് വേദികളിലായി 59 ഇനങ്ങളിലായി 2254 പേർ മത്സരിക്കുന്നു.
ഞായറാഴ്ച ബാനർജി ക്ലബ്ബിൽ ആറന്മുള, കുട്ടനാടൻ വള്ളംകളിപ്പാട്ട്, നാടോടിപ്പാട്ട്, മോഡൽ ഗേൾസ് സ്കൂളിൽ ലളിതഗാനം, വായ്പ്പാട്ട്, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, കോൽക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന, മാപ്പിളപ്പാട്ട് എന്നിവയും മോഡൽ ബോയ്സ് സ്കൂളിൽ ദേശഭക്തിഗാനം, സംഘഗാനം, കവിതാപാരായണം എന്നിവയും നടക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചെണ്ട, ചെണ്ടമേളം, മദ്ദളം എന്നിവ അരങ്ങേറും. വൈകിട്ട് സമാപന സമ്മേളനം ബാനർജി ക്ലബ്ബിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടി അപർണ ബാലമുരളി, ടി എൻ പ്രതാപൻ എംപി എന്നിവർ മുഖ്യാതിഥികളാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..