നായാട്ടുപാറ
കർഷക–- കമ്യൂണിസ്‌റ്റ് പോരാട്ടങ്ങളുടെ മണ്ണിൽ സിപിഐ എം മട്ടന്നൂർ ഏരിയാ സമ്മേളനത്തിന് ആവേശത്തുടക്കം. പട്ടാന്നൂർ കെപിസി ഹയർ സെക്കൻഡറി സ്കൂളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ടി കൃഷ്‌ണൻ പതാക ഉയർത്തി.
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്‌തു. കെ ഭാസ്‌കരൻ താൽക്കാലിക അധ്യക്ഷനായി. സി രജനി രക്തസാക്ഷി പ്രമേയവും സി സജീവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ഭാസ്‌കരൻ, മുഹമ്മദ് സിറാജ്, കെ ശോഭന, എം അശ്വന്ത്, എൻ ഷാജിത്ത് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, വത്സൻ പനോളി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരൻ, എൻ വി ചന്ദ്രബാബു, എം വി സരള, സി വി ശശീന്ദ്രൻ, ബിനോയ്‌കുര്യൻ എന്നിവർ പങ്കെടുക്കുന്നു. സംഘാടകസമിതി ചെയർമാൻ പി എം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
ഏരിയാ സെക്രട്ടറി എം രതീഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. 13 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുത്ത 150 പ്രതിനിധികളും 22 ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 172 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ഞായർ വൈകിട്ട് 4.30ന് പൊതുസമ്മേളനം തുളച്ച കിണറിലെ സീതാറാം യെച്ചൂരി നഗറിൽ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. നായാട്ടുപാറ വടുവൻകുളം റോഡ് കേന്ദ്രീകരിച്ച് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..