തൃശൂർ
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വ ക്യാമ്പ് ഞായറാഴ്‌ച. കെ മുരളീധരന്റെ കനത്ത തോൽവിയെക്കുറിച്ച് ചൂടേറിയ ചർച്ചകൾക്ക് ക്യാമ്പ് വേദിയാകും. കോൺഗ്രസ് ഗ്രൂപ്പുകൾ അടിയന്തിര യോഗങ്ങൾ ചേർന്ന് എതിരാളികൾക്കെതിരായ ആരോപണ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയാണ്.
ഒരു വിഭാഗം നേതാക്കൾ ബിജെപിക്ക് വോട്ട് മറിച്ചാണ് കെ മുരളീധരന്റെ വൻ തോൽവിക്ക് കാരണമായതെന്നാണ് മുഖ്യആരോപണം. എന്നാൽ സ്ഥാനാർഥി കെ മുരളീധരന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും സാമ്പത്തിക പ്രതിസന്ധിയുമാണ് തോൽവിക്ക് വഴിവച്ചതെന്ന് എതിർവിഭാഗം പറയുന്നു. ഒല്ലൂരിൽ പ്രചാരണത്തിനിടെ മുരളീധരൻ നേതാക്കളുമായി തർക്കമുണ്ടാക്കി മടങ്ങിയത് പ്രവർത്തകരിൽ നിരാശയുണ്ടാക്കി. ഇത്തരം വിഷയങ്ങൾ ക്യാമ്പിൽ ചർച്ചയാവും.
തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഡിസിസി പരാജയപ്പെട്ടു. സംഘടന തർക്കങ്ങൾ പരിഹരിക്കാതെ ബോധപൂർവം ഒളിച്ചുകളിച്ചു. 600 ബൂത്തുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. 200 ബൂത്തിൽ ചുമതലയുള്ളവർ നിഷ്‌ക്രിയരായിരുന്നു. പല നേതാക്കളും തെരഞ്ഞെടുപ്പ് ഫണ്ട് അടിച്ചു മാറ്റി.
ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ ഇരുഗ്രൂപ്പുകാരും അവരവരുടെ താവളങ്ങളിൽ യോഗങ്ങൾ നടത്തിവരികയാണ്. ടി എൻ പ്രതാപന്റെ റേഡിയോ കമ്പനിയും പി എ മാധവന്റെ മുണ്ടൂരിലെ വീടും ഇരിങ്ങാലക്കുടയിലെ എം പി ജാക്സന്റെ ഓഡിറ്റോറിയവും അബ്ദുറഹ്മാൻ കുട്ടിയുടെ ജനശ്രീ ഓഫീസും ഇതിനൊക്കെ വേദിയാവുകയാണ്. ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ തൃശൂർ പേൾ ഹോട്ടലിലും എം പി വിൻസെന്റിന്റെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിലും ഗ്രൂപ്പ് യോഗങ്ങൾ നടന്നു വരുന്നു.
വികെ ശ്രീകണ്ഠൻ ചുമതലയേറ്റിട്ടും ജില്ലാ കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. ഡിസിസി അനാഥമാണെന്നും ആക്ഷേപമുണ്ട്. എരവിമംഗലം പുഴയോരം ഗാർഡനിൽ നടക്കുന്ന ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..