തളിപ്പറമ്പ്
കലാപ കലുഷിതമായ മണിപ്പൂരിൽ വായനയുടെ വസന്തം തീർക്കാൻ കില ക്യാമ്പസ്. വിവര ശേഖരണത്തിനും വായനയ്ക്കും സൗജന്യ ഗ്രന്ഥാലയമില്ലാത്ത മണിപ്പൂരിലാണ് കില ക്ലബ് ജനകീയ ലൈബ്രറി സ്ഥാപിക്കാൻ പുസ്തകസമാഹരണ യജ്ഞം തുടങ്ങിയത്. കരിമ്പം കില ക്യാമ്പസിലെ ഐപിപി എൽഇഡി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സമാഹരണം.
കില ക്യാമ്പസിൽ പഠിക്കുന്ന മണിപ്പൂരി വിദ്യാർഥികളുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. വിജ്ഞാനപ്രദമായ ഇംഗ്ലീഷ് പുസ്‌തകങ്ങളാണ് സമാഹരിക്കുന്നത്. ആദ്യഘട്ടത്തിൽ മണിപ്പൂരിലെ വിദ്യാർഥി സംഘടന മുഖേന 600 പുസ്‌തകങ്ങൾ കൈമാറും.
കില ക്യാമ്പസിലെ നിളയിൽ കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ. എ അശോകൻ അധ്യക്ഷനായി.
ഇടിസി പ്രിൻസിപ്പൽ വി എം രാജീവ് മുഖ്യാതിഥിയായി. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ കെ എസ് ബിനുരാജ്, സജിന മഠത്തിൽ, ടി എ ഫാത്തിമത്തുൽ ഫസ്ന, വിദ്യാർഥി യൂണിയൻ ചെയർമാൻ കെ സ്നേഹ, കെ ഗണേശൻ, മണിപ്പൂരിൽനിന്നുള്ള വിദ്യാർഥി ലാം നീൽ ഹിംഗ് കിപ്ഗെൻ, അനിൽ പടവിൽ, കെ പി നിഖിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..