കായംകുളം
അസംഘടിത രായ ലോറിത്തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ രൂപീകരിച്ച എ സുബൈറിന്റെ വേർപാടിലൂടെ അവർക്ക് നഷ്ടമായത് സ്വന്തം ‘തൊഴിലാളി സുബൈറിനെ’. കായംകുളത്തെ ലോറിത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ നേതൃത്വം നൽകിയ ലോറി ഉടമയും ഡ്രൈവറുമായിരുന്ന സുബൈർ ആണ് ലോറി ആൻഡ് മിനിലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) രൂപീകരിച്ച് അവരെ സംഘടിപ്പിച്ചത്. കായംകുളം ടൗണിലെ സജീവസാന്നിധ്യമായിരുന്ന സുബൈർ സിപിഐ എം ചേരാവള്ളി ലോക്കൽ സെക്രട്ടറി, നഗരസഭ കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചു. കായംകുളം റെയിൽവേ സ്‌റ്റേഷനിലെ ഗുഡ്സ് ഷെഡിലെ തൊഴിലാളികളെ സംഘടിപ്പിച്ചും യൂണിയൻ രൂപീകരിച്ചു.
സുബൈറിന്റെ വീട്ടിലെത്തി നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ, ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ ശിവദാസൻ, ഷെയ്ഖ് പി ഹാരിസ്, നഗരസഭാധ്യക്ഷ പി ശശികല, സിഐടിയു ഏരിയ പ്രസിഡന്റ് ജി ശ്രീനിവാസൻ, സെക്രട്ടറി കെ പി മോഹൻദാസ്, ലോക്കൽ സെക്രട്ടറി പ്രസന്ന, കൗൺസിലർ എസ് കേശുനാഥ് അടക്കമുള്ളവർ പാർടി പതാക പുതപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു.
റെയിൽവേ ജങ്ഷനിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ തൊഴിലാളികളടക്കം നിരവധി പേർ ആദരമർപ്പിച്ചു. മൃതദേഹം വിലാപയാത്രയായി ചേരാവള്ളി ജുമാമസ്ജിദിൽ എത്തിച്ച് ഖബറടക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..