തിരുവനന്തപുരം
ജലവിതരണം പുനഃസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടയിൽ മേലാറന്നൂരിൽ ഞായറാഴ്‌ച വൈകിട്ടോടെ പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ വശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. അത് തൊഴിലാളികൾ യന്ത്രസഹായമില്ലാതെ കോരിമാറ്റേണ്ടി വന്നതും പ്രതിസന്ധിയായി. രാത്രിയോടെയാണ് ആ ജോലി പൂർത്തിയായത്. പിന്നാലെ വാൽവിൽ നട്ടുകൾ മുറുക്കുന്ന പ്രവൃത്തി തുടങ്ങി. രണ്ടുഭാഗത്തുമായി 24 വീതം നട്ടുകളാണ് മുറുക്കേണ്ടിയിരുന്നത്. അതും കഴിഞ്ഞാണ് രാത്രി പത്തോടെ പമ്പിങ് തുടങ്ങിയത്. രണ്ടുമണിക്കൂറിനകം താഴ്‌ന്ന സ്ഥലങ്ങളിൽ വെള്ളം ലഭിച്ചു. തിങ്കൾ രാവിലെയോടെ എല്ലായിടത്തും പൂർണനിലയിൽ വെള്ളമെത്തും.
തിങ്കളാഴ്‌ചയ്‌ക്കകം പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് റെയിൽവേ ജല അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് രണ്ടിന് ഇതുവഴിയുള്ള ജലവിതരണം നിർത്തിവയ്‌ക്കുകയാണെന്ന് അറിയിപ്പ് പ്രസിദ്ധീകരിച്ചു. നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന പ്രധാന പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിന്റെ ഭാഗമായി അഞ്ചിന് രാവിലെ എട്ടുമുതൽ ആറിന് രാവിലെ എട്ടുവരെയായിരുന്നു ജലവിതരണം നിർത്തിവച്ചത്. അരുവിക്കര പ്ലാന്റിലെ അറ്റകുറ്റപ്പണികൾ വ്യാഴാഴ്‌ച തന്നെ ജലഅതോറിറ്റി പൂർത്തിയാക്കി.
തിരുവനന്തപുരം കോർപറേഷനിലെ പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പിടിപി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നീ വാർഡുകളിൽ പൂർണമായും ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം എന്നീ വാർഡുകളിൽ ഭാഗികമായുമാണ് ജലവിതരണം തടസ്സപ്പെട്ടത്.
സ്ഥാപിച്ചത്
പുതിയ പൈപ്പ്
റെയിൽവേപ്പാളത്തിനടിയിൽ സ്ഥാപിച്ചത് പുതിയ പൈപ്പ്. നേരത്തെ ഒരു ട്രാക്കിന് അടിയിലൂടെയാണ് കടന്ന് പോയിരുന്നില്ലെങ്കിൽ പുതിയ പൈപ്പ് നിർദിഷ്ട രണ്ടാം പാളത്തിനടിയിലൂടെയും കടന്നുപോകും. 2010ൽ സ്ഥാപിച്ച പൈപ്പാണ് മാറ്റിയിട്ടത്.
പെെപ്പ‍് മാറ്റി സ്ഥാപിച്ചു: മന്ത്രി
തിരുവനന്തപുരം
റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 48 മണിക്കൂറിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. നിശ്ചിതസമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കി വാൽവ് ഘടിപ്പിക്കുകയും ചെയ്തു. എന്നാൽ ലൈൻ ചാർജ് ചെയ്‌തപ്പോൾ വാൽവിൽ അപ്രതീക്ഷിതമായി സംഭവിച്ച ചോർച്ചയാണ് പ്രതിസന്ധിക്ക് കാരണമായത്. വാൽവ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു പോംവഴി.
ലൈനിലെ വെള്ളം നീക്കം ചെയ്തതിനുശേഷമാണ് ജോലി പുനരാരംഭിക്കാൻ കഴിഞ്ഞത്. വെള്ളം നീക്കം ചെയ്യുന്നതിനുവേണ്ടി മാത്രം ഏഴു മണിക്കൂറോളം വേണ്ടിവന്നു. പ്രവൃത്തി നീണ്ടുപോകുന്നതിന് ഇതും കാരണമായി. തുടർന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ച് വാൽവ് മാത്രം സ്ഥാപിക്കേണ്ട ജോലിവരെ പൂർത്തിയാക്കി. ദ്രുതഗതിയിൽ ജോലി തീർക്കുന്നതിന്റെ ഭാഗമായി ഇരുവശത്തുനിന്നും പൈപ്പ് സ്ഥാപിച്ചു. അതിനിടെ യോജിപ്പിക്കുന്ന സ്ഥലത്ത് അലൈൻമെന്റിൽ മൂന്നുസെന്റിമീറ്റർ വ്യത്യാസം വന്നു. ഇത് പരിഹരിക്കുന്നതിന് മണ്ണുനീക്കം ചെയ്യുമ്പോൾ മണ്ണിടിഞ്ഞത് വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചു.
ശനി രാത്രി 11 മുതൽ പുലർച്ചെ 2.30 വരെ അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ച് മന്ത്രിയും കൂടെയുണ്ടായിരുന്നു. മുൻകൂട്ടി കാണാൻ സാധിക്കാത്ത തടസ്സങ്ങൾ ഉണ്ടായതാണ് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി കെ പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പ്രതിസന്ധി ഒഴിവാക്കുന്നതിന് മുഴുവൻ സമയവും രംഗത്തുണ്ടായിരുന്നു. മുഴുവൻ സമയവും ക്യാമ്പ് ചെയ്‌ത് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ ജോയിന്റ് എംഡി ഡോ. ബിനു ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..