03 December Tuesday

കുടിവെള്ളം എത്തിച്ച് കോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കോർപറേഷൻ കാലടി വാർഡിൽ കുടിവെള്ളം വിതരണം ചെയ്യുന്നു

തിരുവനന്തപുരം
ജല അതോറിറ്റി പിൻവലിഞ്ഞപ്പോൾ സൗജന്യ കുടിവെള്ളം എത്തിച്ച് കോർപറേഷൻ. ഞായറാഴ്ച രാവിലെയും കുടിവെള്ളം എത്താഞ്ഞതോടെയാണ് വെള്ളം കൂടുതൽ സ്ഥലങ്ങളിൽ‌ എത്തിക്കാൻ കോർപറേഷൻ മുൻകൈയെടുത്തത്. 20 ടാങ്കർ  ഏർപ്പെടുത്തിയാണ് പരമാവധി സ്ഥലങ്ങളിൽ വെള്ളം എത്തിച്ചത്. ഞായറാഴ്ച കോർപറേഷൻ വിതരണം ചെയ്തത് 25.90 ലക്ഷം ലിറ്റർ വെള്ളം. 662 ലോഡുകളായാണ് വെള്ളം എത്തിച്ചത്.
കുടിവെള്ള പ്രശ്നം രൂക്ഷമായ ആദ്യദിനങ്ങളിൽത്തന്നെ കോർപറേഷൻ സൗജന്യമായി വെള്ളം എത്തിച്ചിരുന്നു. അരുവിക്കരയിൽനിന്ന് വെള്ളമെടുത്ത് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പൊതുവായി വിതരണം നടത്തുകയായിരുന്നു. വെള്ളമെത്തിക്കുന്നതിന്റെ യാത്രച്ചെലവുകൾ കോർപറേഷൻ ഏറ്റെടുത്തു. ഈ വിവരം സമൂഹ്യമാധ്യമങ്ങളിലൂടെയും ജനപ്രതിനിധികളിലൂടെയും ജനങ്ങളിലേക്ക് അറിയിക്കുകയും ചെയ്തു. ഞായറാഴ്ച മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ കോർപറേഷനിൽ നടന്ന അടിയന്തര യോ​ഗത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ വെള്ളമെത്തിക്കാൻ തീരുമാനിച്ചത്. സ്വന്തം ടാങ്കറുകൾക്കു പുറമെ ടാങ്കർ ലോറികൾ വാടകയ്ക്ക് എടുത്താണ് കോർപറേഷൻ ജലവിതരണം നടത്തിയത്. കൺ‌ട്രോൾ റൂം നമ്പർ: 9447377477, 8590036770. 
 
ജനങ്ങള്‍ക്കൊപ്പം മന്ത്രിമാരും മേയറും
തിരുവനന്തപുരം
പ്രവർത്തനങ്ങൾ വിലയിരുത്താന്‍ രം​ഗത്തിറങ്ങി മന്ത്രിമാരും മേയറും. നാലുദിവസമായി തുടരുന്ന കുടിവെള്ളപ്രശ്നം രൂക്ഷമായതോടെയാണ് മന്ത്രിമാരായ വി ശിവൻകുട്ടിയും റോഷി അ​ഗസ്റ്റിനും നേരിട്ടെത്തിയത്. പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനുള്ള സൗകര്യങ്ങളും മന്ത്രിമാർ ഏർപ്പെടുത്തി. മേയർ ആര്യ രാജേന്ദ്രനും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top