30 October Wednesday
ദേശീയപാത വികസനം

ദേവസ്വം ബോർഡ് കെട്ടിടവും 
പൊളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2023

 

കരുനാഗപ്പള്ളി
ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ അവശേഷിക്കുന്ന കെട്ടിടങ്ങളായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കെട്ടിടവും പൊളിച്ചുമാറ്റുന്നു. ഇതോടെ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും. കൊറ്റുകുളങ്ങരയ്ക്കും നീണ്ടകരയ്ക്കും ഇടയിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ദേവസ്വം ബോർഡ് ഭൂമിയിൽ ഏഴ് കെട്ടിടമാണ് പൊളിച്ചുമാറ്റേണ്ടത്. ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് വൈകിയത് കാരണം കരുനാഗപ്പള്ളി നഗരത്തിൽ ഉൾപ്പെടെ പലയിടത്തും ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടിരുന്നു. ദേവസ്വം ബോർഡ് കെട്ടിടം നിൽക്കുന്ന സ്ഥലം സർക്കാർ പുറമ്പോക്ക് ഭൂമി ആയതിനാൽ ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിനു തടസ്സം ഉണ്ടായിരുന്നു. പിന്നീട് പ്രത്യേക ഉത്തരവിലൂടെ നഷ്ടപരിഹാരം അനുവദിച്ചു. മൂല്യനിർണയ നടപടികളും പൂർത്തിയാക്കി 18 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാൽ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് സ്ഥാപിക്കുന്നതിനു ഭൂമി വിട്ടുനൽകിയ ഇനത്തിൽ സർക്കാരിന് 20 കോടി രൂപ പാട്ടക്കുടിശ്ശിക നൽകാനുണ്ടെന്ന കാരണത്താൽ ഈ തുക നൽകുന്നതിന് റവന്യു അധികൃതർ തടസ്സവാദം ഉന്നയിച്ചു.  ഇതോടെ കെട്ടിടം പൊളിക്കുന്നതും അനിശ്ചിതത്വത്തിലായി. പാട്ടക്കുടിശ്ശിക നൽകാതെ തുക കൈമാറില്ലെന്ന നിലപാടിലായിരുന്നു റവന്യു വകുപ്പ് ഉദ്യോഗസ്ഥർ.  ഒടുവിൽ, കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശ്‌നം ഉന്നയിക്കുകയും മറ്റു തടസ്സങ്ങൾ തൽക്കാലം ഒഴിവാക്കാനും ഏറ്റെടുത്ത ഭൂമിയ്ക്ക് അനുവദിച്ച തുക ദേവസ്വം ബോർഡിന് കൈമാറാനും മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. 
അതേസമയം, കരുനാഗപ്പള്ളി നഗരത്തിൽ ദേവസ്വം ബോർഡ് കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളും ദേവസ്വം അസിസ്റ്റന്റ്‌ കമീഷണർ ഓഫീസും ഉൾപ്പെടെ മാറ്റി സ്ഥാപിച്ചു തുടങ്ങി. കരുനാഗപ്പള്ളി ദേവസ്വം അസിസ്റ്റന്റ് കമീഷണറുടെ ഓഫീസ് പടനായർകുളങ്ങര ക്ഷേത്രം ഓഫീസിനോടു ചേർന്ന് തയ്യാറാക്കുന്ന ഓഫീസിലേക്കാണ് മാറുന്നത്.
ദേവസ്വം ബോർഡ് കെട്ടിടം ഉൾപ്പെടെ മൊത്തം 15 കെട്ടിടം മാത്രമാണ് ജില്ലയിൽ ഇനി പൊളിച്ചുമാറ്റാനുള്ളത്. കെട്ടിടം പൊളിച്ചുമാറ്റുന്ന സ്ഥലങ്ങളിൽ സർവീസ് റോഡിന്റെയും ഓടയുടെയും നിർമാണം ഉടൻ തുടങ്ങും. വൈദ്യുതിലൈനും ജല അതോറിറ്റിയുടെ പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. നിർമാണം പൂർത്തിയായ സർവീസ് റോഡുകളുടെ ടാറിങ് ജോലികളും ഉടൻ തുടങ്ങും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top