23 December Monday

എന്നെങ്കിലും നന്നാക്കുമോ

സ്വന്തം ലേഖികUpdated: Saturday Nov 9, 2024

ടൗൺ ഹാളിന്റെ ഉൾഭാഗം

 

പാലക്കാട്‌
ഒരുകാലത്ത്‌ സാംസ്‌കാരിക കേന്ദ്രമായിരുന്നു പാലക്കാട്‌ നഗരത്തിലെ ടൗൺഹാൾ. പ്രസംഗങ്ങളും നാടകസംഭാഷണങ്ങളും മുഴങ്ങിയിരുന്നു. നൃത്തച്ചുവടുകൾ നിറഞ്ഞിരുന്നു. എന്നാൽ ഇന്ന്‌ അവിടെ കാടുമൂടി. ആളും അനക്കവും ഇല്ലാതായതോടെ സ്ഥലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി. സംസ്ഥാനത്ത് ടൗൺഹാൾ ഇല്ലാത്ത ഏക ജില്ലാ ആസ്ഥാനമാണ് പാലക്കാട്.
മദ്യക്കുപ്പികളും തെരുവുനായ്‌ക്കളും നിറഞ്ഞിരിക്കുന്നു. ബിജെപി ഭരിക്കുന്ന നഗരസഭയുടെ അനാസ്ഥയുടെ തെളിവാണിത്‌. മുൻ എംഎൽഎയുടെ പിടിപ്പുകേടിന്റെ സാക്ഷ്യവും. ടൗൺഹാൾ ഈ സ്ഥിതിയിലായിട്ട്‌ വർഷങ്ങളായി പണിപൂർത്തിയാക്കി തുറന്നുകൊടുക്കാൻ നഗരസഭ നടപടിയെടുക്കുന്നില്ല. ആറുമാസംകൊണ്ട്‌ നവീകരണം പൂർത്തിയാക്കാം എന്ന നഗരസഭയുടെ വാഗ്‌ദാനം പാഴായി. അതോടെ, സാംസ്‌കാരിക പരിപാടികൾക്ക്‌ നഗരത്തിൽ ഇടമില്ലാതായി. 
ടൗൺഹാൾ 2014ൽ നവീകരിക്കാൻ തീരുമാനിച്ചതോടെയാണ്‌ സ്ഥിതിമാറിയത്‌. 2019ൽ പ്രവൃത്തിക്ക്‌ ഭരണാനുമതിയായി. എംഎൽഎ ഫണ്ടിൽനിന്ന്‌ 3.77 കോടിയും ടൗൺഹാൾ അനക്‌സിന്‌ നഗരസഭ നാലുകോടിയും നീക്കിവച്ചു. എന്നാൽ നവീകരണം എവിടെയുമെത്തിയില്ല. പരാധീനതകളുടെ ബാക്കിപത്രമായി മാറുമോ ടൗൺഹാൾ എന്ന ആശങ്കയിലാണ്‌ സാംസ്‌കാരിക പ്രവർത്തകർ. ടൗൺഹാൾ അനക്‌സിന്റെ സ്ഥിതിയും സമാനമാണ്‌. നഗരസഭയുടെ പ്രധാന വരുമാന മാർഗംകൂടിയാണ്‌ കാടുകയറി നശിക്കുന്നത്‌. അതേസമയം, ടൗൺഹാൾ വികസനം നിലച്ചതിൽ നഗരസഭയെ പഴിചാരി കൈയൊഴിയുകയാണ്‌ മുൻ എംഎൽഎ.  
 ടൗൺഹാൾ പണിപൂർത്തിയാക്കി ഉടൻ വിട്ടുനൽകണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം. കൺമുന്നിൽ കെട്ടിടം കാടുപിടിച്ചുകിടക്കുമ്പോഴും ഇത്‌ തങ്ങളുടെ കാര്യമല്ലെന്ന നിലപാടാണ്‌ നഗരസഭയ്‌ക്ക്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top