കൽപ്പറ്റ
കൗമാര ഫുട്ബോൾ ആവേശമായ യുവാകപ്പ് വയനാട് സ്കൂൾ ലീഗ് രണ്ടാം സീസണ് ജില്ല ഒരുങ്ങുന്നു. ജില്ലയിലെ സമഗ്ര ഫുട്ബോൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ 12 ഹൈസ്കൂൾ ടീമുകളാണ് പങ്കെടുക്കുക. ഉപജില്ലകളിലെ യോഗ്യതാ മത്സരങ്ങൾ പൂർണമായി. മാനന്തവാടി ഉപജില്ലയിൽനിന്ന് തലപ്പുഴ ജിഎച്ച്എസ്എസ്, പനമരം ജിഎച്ച്എസ്എസ് എന്നിവയും വൈത്തിരി ഉപജില്ലയിൽനിന്ന് പൂക്കോട് ഇഎംആർഎസ്, കൽപ്പറ്റ എസ്‌കെഎംജെ എച്ച്എസ്എസ് ബത്തേരി ഉപജില്ലയിൽനിന്ന് ബത്തേരി സർവജന ജിവിഎച്ച്എസ്എസ്, പുൽപ്പള്ളി വിജയ എച്ച്എസ്എസ് എന്നീ സ്കൂളുകളാണ് യോഗ്യതനേടിയത്. കഴിഞ്ഞ സീസണിൽ യോഗ്യതനേടിയ പ്രഥമ ചാമ്പ്യന്മാരായ മീനങ്ങാടി ജിഎച്ച്എസ്എസ്, പിണങ്ങോട് ഡബ്ലിയുഒഎച്ച്എസ്എസ്, പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്, മുട്ടിൽ ഡബ്ലിയുഒവിഎച്ച്എസ്എസ്, ഏച്ചോം സർവോദയ എച്ച്എസ്എസ്, വെള്ളമുണ്ട ജിഎംഎച്ച്എസ്എസ് എന്നീ സ്കൂളുകളാണ് ലീഗിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ.
ഡിസംബർ അവസാന ആഴ്‌ചയാണ് രണ്ടാം സീസൺ ലീഗ് ആരംഭിക്കുന്നത്. സ്‌കൂൾ വിദ്യാർഥികളെ ഫുട്ബോളിലേക്ക് കൂടുതൽ ആകർഷിക്കലും ജില്ലയിൽനിന്ന് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കാനുള്ള ആദ്യപടിയാവുകയെന്നതും ടൂർണമെന്റിന്റെ ലക്ഷ്യമാണ്. ഫുട്‌ബോളിൽ പുത്തൻ തലമുറയെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പുതിയ ചുവട്‌വയ്‌പായി ലീഗ് മാറും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബാണ് യുവകപ്പ് സംഘടിപ്പിക്കുന്നത്. മരവയൽ ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..