24 November Sunday

താംബരം – കൊച്ചുവേളി എക്സ്പ്രസ് സൈറൺ മുഴക്കുമോ

സ്വന്തം ലേഖകൻUpdated: Saturday Aug 10, 2024
 
കൊല്ലം
താംബരം –- കൊച്ചുവേളി എക്സ്പ്രസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെങ്കോട്ട–-- പുനലൂർ – -കൊല്ലം റെയിൽപ്പാതയിലൂടെ കൊച്ചുവേളിയിലേക്ക് ആഴ്ചയിൽ രണ്ടുദിവസം സർവീസ് നടത്തിയിരുന്ന താംബരം–- കൊച്ചുവേളി എക്സ്പ്രസ് സർവീസ് നിർത്തലാക്കുകയായിരുന്നു. രണ്ടുമാസത്തെ സർവീസിനുശേഷം താംബരം റെയിൽവേ സ്റ്റേഷനിലെ ട്രാക്ക് നിർമാണവുമായി ബന്ധപ്പെട്ടാണ്‌ സർവീസ് നിർത്തിയത്‌. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര എന്നീ നഗരങ്ങളിലേക്കും തിരികെയും സൗകര്യപ്രദമായി യാത്ര ചെയ്യാവുന്ന സർവീസായിരുന്നു. ട്രാക്ക് വർക്കുകൾ പൂർണമായതോടെ താംബരത്തുനിന്ന്‌ സർവീസുകൾ ഈമാസം തന്നെ പുനരാരംഭിക്കുമെന്നാണ് സൂചന. എന്നാൽ, നിർത്തലാക്കിയ താംബരം–- കൊച്ചുവേളി സർവീസ്‌ പുനരാരംഭിക്കുന്നത്‌ സംബന്ധിച്ച്‌ റെയിൽവേ തീരുമാനമെടുക്കുന്നില്ല. ഓണത്തിന്റെ തിരക്കിലേക്ക് നാട് കടന്നിരിക്കെ കൊല്ലത്തുനിന്നും ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും വ്യാപാരികൾക്ക്‌ ഉൾപ്പെടെ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര എന്നീ നഗരങ്ങളിലേക്ക്‌ പോയിവരാൻ ഈ ട്രെയിൻ ഉപകരിക്കും. സാധാരണ യാത്രക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഓണക്കാലത്ത്‌ ലഭിക്കേണ്ടതുണ്ട്. ഓണക്കാലം കഴിഞ്ഞാൽ ദീപാവലിയുടെ അവധി ദിനങ്ങളാണ്‌ വരുന്നത്‌. തമിഴ്‌നാട്ടിൽനിന്നുള്ള ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക്‌ കേരളത്തിൽ എത്താൻ ഈ സർവീസ്‌ ഉപകരിക്കും. നവംബർ മുതൽ ശബരിമല സീസണും ആരംഭിക്കുകയാണ്. തമിഴ്‌നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകർക്കും പ്രയോജനമാണ്‌. മീറ്റർഗേജ് കാലത്ത് ചെങ്കോട്ട–- - പുനലൂർ–- - കൊല്ലം പാത വഴി രണ്ട് ചെന്നൈ ട്രെയിൻ സർവീസുകൾ ഉണ്ടായിരുന്നു. താംബരം–- കൊച്ചുവേളി എക്സ്പ്രസ് കൂടി പുനരാരംഭിച്ചാൽ ചെന്നൈയിലേക്കുള്ള രണ്ടാമത്തെ സർവീസാകും. തിരുവനന്തപുരത്തുനിന്ന്‌ ചെങ്കോട്ട, തെങ്കാശി, ശങ്കരൻകോവിൽ,  രാജപാളയം, വിരുദനഗർ എന്നിവിടങ്ങളിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് ട്രെയിൻ സർവീസായും ഇതുമാറും. ഈ സർവീസ് പുനരാരംഭിക്കാൻ കൊല്ലം, മാവേലിക്കര എംപി മാർ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top