17 September Tuesday
മറൈൻ കൺസ്യൂമർ പമ്പ്‌

നികുതിവെട്ടിപ്പിന്റെ 
ഡീസൽ വ്യാപാരം

സ്വന്തം ലേഖികUpdated: Saturday Aug 10, 2024
കൊല്ലം
 മറൈൻ കൺസ്യൂമർ പമ്പുകളിലേക്ക്‌ മംഗളൂരുവിൽനിന്ന്‌ നികുതി വെട്ടിച്ച്‌ ഡീസൽ ഒഴുകുന്നു. സംസ്ഥാനത്തിന്‌ കോടികളുടെ നഷ്ടമുണ്ടാക്കുന്ന ഇടപാട്‌ അന്വേഷിക്കും.. സംസ്ഥാനത്തെ തീരമേഖല കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കൺസ്യൂമർ പമ്പിലേക്കാണ്‌ ടാങ്കറുകളിൽ ഡീസൽ എത്തുന്നത്‌. സ്വന്തം ആവശ്യത്തിനെന്ന വ്യാജേന കർണാടകയിൽനിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങുന്ന ഡീസൽ ബില്ലില്ലാതെ മീൻപിടിത്ത ബോട്ടുകൾക്ക്‌ വിറ്റ്‌ ലക്ഷങ്ങളുടെ വരുമാനമാണ്‌ ഇവർ നേടുന്നത്‌. ഇത്തരം വിൽപ്പനയിൽ കോടികളുടെ നികുതിയാണ്‌ സർക്കാരിനു നഷ്ടമാകുന്നത്‌. സംസ്ഥാനത്ത്‌ ഇത്തരത്തിൽ 150–-200 കൺസ്യൂമർ പമ്പുകളാണ്‌ പ്രവർത്തിക്കുന്നത്‌. ഇന്ത്യൻ ഓയിൽ കമ്പനി, എച്ച്‌പിസിഎൽ, ബിപിസിഎൽ അടക്കമുള്ള കമ്പനികളുടെ പമ്പുകളാണിവ. റീട്ടെയിൽ ലൈസൻസുള്ള പമ്പുകൾക്ക്‌ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ നേരിട്ട്‌ ഇന്ധനം വാങ്ങാൻ അനുമതിയില്ല. കൺസ്യൂമർ പമ്പുകൾക്ക്‌ സ്വന്തം ആവശ്യത്തിനായി കമ്പനികളിൽനിന്നു നേരിട്ട്‌ വാങ്ങാനുള്ള അനുമതി ദുരുപയോഗം ചെയ്‌താണ്‌ ഡീസൽ എത്തിക്കുന്നത്‌. 22കിലോ ലിറ്ററി (22000ലി.)ന്റെ അടക്കമുള്ള ടാങ്കറുകളിലാണ്‌ ഡീസൽ വ്യാപകമായി എത്തിക്കുന്നത്‌. മിക്ക പമ്പിലേക്കും ആഴ്‌ചയിൽ ശരാശരി അഞ്ച്‌ ലോഡ്‌ വീതം  എത്തുന്നുണ്ട്‌. ഒരു ബില്ലിൽ തന്നെ രണ്ടുലോഡ്‌ ഡീസൽ വരുന്നതായും സൂചനയുണ്ട്‌.   
കർണാടകയിൽ ഡീസലിന്‌ ലിറ്ററിന്‌ 85.15രൂപയാണ്‌ വില. സെയിൽസ്‌ ടാക്‌സും സെസും  ഉൾപ്പെടെ കേരളത്തിൽ 95.77രൂപയും. ഇതനുസരിച്ച്‌ കർണാടകയിൽനിന്ന്‌ വാങ്ങുന്ന ഇന്ധനത്തിന്‌ ലിറ്ററിന്‌ ശരാശരി -ഏഴുമുതൽ 10 രൂപ വരെ വില കുറയും. ഒരു ലോഡ്‌ ഡീസൽ വരുമ്പോൾ ഇവർക്കു കുറഞ്ഞത്‌ രണ്ടുലക്ഷം രൂപയുടെ വരുമാനമാണ്‌ ഉണ്ടാകുന്നത്‌. ലിറ്ററിന്‌ ഒരു രൂപ കുറച്ചാണ്‌ ബോട്ടുകൾക്ക്‌ ഇവർ വിൽക്കുന്നത്‌. ഇക്കാരണത്താൽ ഡീലർ പമ്പുകളിലെ വിൽപ്പനയിൽ വൻ ഇടിവുണ്ടാകുന്നതും  നികുതി നഷ്ടത്തിനും ഇടയാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top