തിരുവനന്തപുരം
നഗരമാലിന്യ സംസ്‌കരണത്തിൽ സംസ്ഥാനം പുതിയ ചുവടുവയ്‌പ് നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഇതിന് ഉദാഹരണമാണ് വേർതിരിക്കാനും പുനരുപയോഗിക്കാനും കഴിയാത്ത മാലിന്യങ്ങളുടെ സംസ്‌കരണം എളുപ്പത്തിലാക്കുന്ന ആർഡിഎഫ് പ്ലാന്റ്. ചാല സന്മതി പാർക്കിൽ സ്ഥാപിച്ച ആർഡിഎഫ് പ്ലാന്റിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവസം ഒരു ടൺ മാലിന്യം സംസ്‌കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌മാർട്ട് സിറ്റി മിഷന്റെ നേതൃത്വത്തിൽ ൧.൮൦ കോടി ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചത്.
പുനരുപയോഗിക്കാനാവാത്ത മാലിന്യം സംസ്‌കരിച്ച് കൽക്കരിക്ക് പകരം ഉപയോഗിക്കുന്ന ‘ബ്രിക്കറ്റ്’ ആക്കി മാറ്റും. വേർതിരിക്കാനാകാത്ത മാലിന്യവും ഡയപ്പർ, പ്ലാസ്റ്റിക്, റെക്‌സിൻ, തെർമോക്കോൾ തുടങ്ങിയവയും ഹരിതകർമസേന ശേഖരിക്കുന്നവയിൽ റീസൈക്കിൾ ചെയ്യാനാകാത്തവയും സംസ്‌കരിച്ച് ഇന്ധനമാക്കും. പൈറോളിസിസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ ഒരു സമയം 40 കിലോ മാലിന്യമിടാം. 15 മിനിറ്റിനുള്ളിൽ പൊടിച്ച് ബ്ലഫ് ആക്കി മാറ്റും. വായുമലിനീകരണത്തിനും അന്തരീക്ഷ താപനിലയുടെ വർധനവിനും കാരണമാകില്ല. ചെന്തിട്ട ഹെൽത്ത് സർക്കിളിലും പ്ലാന്റ് സ്ഥാപിക്കും. 24 ചതുരശ്ര അടി സ്ഥലത്ത് സ്ഥാപിക്കാവുന്ന മെഷീനാണിത്. സ്‌മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഫോർ ഓൾ സംഘടനയുടെ സഹകരണത്തിലാണ് പ്ലാന്റ് സ്ഥാപിച്ചത്. മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു, കോർപറേഷൻ സെക്രട്ടറി എസ് ജഹാംഗീർ, സർക്കുലർ എക്കണോമി പോളിസി കൺസൽറ്റന്റ് ജി രേഷ്‌മ, സനീഷ് എന്നിവർ സംസാരിച്ചു.
അഞ്ഞൂറിലേറെ കെൽട്രോൺ കാമറ
തിരുവനന്തപുരം
പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സംസ്ഥാനത്ത് കെൽട്രോൺ സ്ഥാപിച്ചത് അഞ്ഞൂറിലേറെ ക്യാമറ. 62 തദ്ദേശസ്ഥാപനത്തിന് കാമറ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് ആളെ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങൾ പിഴ ഈടാക്കുന്നുണ്ട്. കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ കാമറ സ്ഥാപിക്കുന്നതിനായി സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെൽട്രോണിനെ സമീപിച്ചിട്ടുണ്ട്. കെൽട്രോണിന്റെ മൺവിളയിലെ യൂണിറ്റാണ് കാമറ നിർമിക്കുന്നത്.
ഓരോ പോയിന്റിലും വാഹനത്തിന്റെ നമ്പർ അടക്കമുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്ന രണ്ടു കാമറയാണ് സ്ഥാപിക്കുന്നത്. വൈദ്യുതിയും ഇന്റർനെറ്റ് കണക്‌ഷനുമടക്കം ഓരോ യൂണിറ്റിലുമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലാണ് സ്‌റ്റോറേജ് സൗകര്യമൊരുക്കുന്നത്. ദൃശ്യങ്ങൾ തത്സമയം കാണാനുള്ള സൗകര്യവുമുണ്ട്. ഇതിനുപുറമെ തദ്ദേശ സ്ഥാപന സെക്രട്ടറി നിർദേശിക്കുന്നവർക്ക് മൊബൈൽ ഫോൺവഴി ദൃശ്യങ്ങൾ ലഭിക്കാനുള്ള സൗകര്യവുമൊരുക്കും.
ശുചിത്വ മിഷൻ നിർദേശിക്കുന്ന സ്‌പെസിഫിക്കേഷനുള്ള കാമറകളാണ് സ്ഥാപിക്കുന്നത്. രാത്രിയിലും വ്യക്തമായ ദൃശ്യം ലഭിക്കും. യൂണിറ്റിന്റെ പരിപാലനവും ഒരുവർഷത്തെ അറ്റകുറ്റപ്പണിയുമടക്കം കെൽട്രോൺ നിർവഹിക്കും.
സ്ഥിരമായി മാലിന്യം
തള്ളുന്ന വാഹനം പിടിയില്‍
തുടർച്ചയായി കക്കൂസ് മാലിന്യം പാതയോരങ്ങളിൽ തള്ളുന്ന വാഹനം കാമറയിൽ കുടുങ്ങി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിച്ച കാമറയിൽ ഒരേ വാഹനം നിരവധി തവണ കുടുങ്ങി. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മൂന്നു തവണ ഈ വാഹനത്തിലെത്തി മാലിന്യം തള്ളിയതിന്റെ ദൃശ്യം ലഭിക്കുകയും പിഴ ഈടാക്കുകയും ചെയ്‌തു. മറ്റു പല ഇടത്തും ഇതേ വാഹനത്തിൽ മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വർക്കല ചെറുന്നിയൂരിലും ഈ വാഹനത്തിലെത്തി മാലിന്യം പാതയോരത്ത് തള്ളി.
വിളിപ്പുറത്ത്
കക്കൂസ് മാലിന്യമെടുക്കും
തിരുവനന്തപുരം
കോർപറേഷൻ പരിധിയിലെയും സമീപ പഞ്ചായത്തിലെയും കക്കൂസ് മാലിന്യമെടുക്കാൻ ഓൺലൈൻ സംവിധാനം. അനധികൃത മാലിന്യമെടുക്കലിനും പൊതുയിടങ്ങളിലും ജലാശയങ്ങളിലും മാലിന്യമൊഴുക്കുന്നത് തടയിടാനാണ് കോർപറേഷൻ സ്വന്തം നിലയ്ക്ക് സംവിധാനമുള്ളത്. കോർപറേഷന്റെ വെബ്സൈറ്റിലും സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലും കോർപറേഷൻ മെയിൻ ഓഫീസിലെ കോൾ സെന്ററിലും അക്ഷയ കേന്ദ്രത്തിലും ബുക്കിങ് സൗകര്യമുണ്ട്. തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് എട്ട് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് നാലുവരെയും ബുക്ക് ചെയ്യുന്ന മുറയ്ക്ക് മാലിന്യമെടുക്കാൻ വണ്ടിയെത്തും. കോർപറേഷന്റെ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ ടാങ്കറുകൾക്കും ഇതിനുള്ള ലൈസൻസ് നൽകിയിട്ടുണ്ട്.
5000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിന് 3000 രൂപയും 7500 ലിറ്റർ വരെ 4000 രൂപയും 7500 ലിറ്ററിന് മുകളിൽ 6000 രൂപയുമാണ് യൂസർ ഫീ ചാർജ്. മാലിന്യമെടുക്കാൻ എത്തുന്ന വാഹനങ്ങളിൽ ജിപിഎസ് ട്രാക്കിങ്ങും ഉണ്ട്. ബുക്കിങ്ങിന് നമ്പർ: 9496434488, 04712377701. വെബ്സൈറ്റ്: www.smarttvm.corporationoftrivandrum.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..