കൊല്ലം
സ്‌കൂൾ കുട്ടികളോട് അശ്ലീല പദപ്രയോഗം നടത്തിയ കേസിൽ പരവൂർ പൊലീസിന്റെ പിടിയിലായ പ്രതി കോടതി ഹാളിൽനിന്ന് ചാടിപ്പോയി. പരവൂർ കൂനയിൽ തോട്ടുംകര തൊടിയിൽ വീട്ടിൽ വേട്ട അഭിജിത് എന്ന അഭിജിത്താ (21)ണ് ചാടിപ്പോയത്. വെള്ളി പകൽ 11.30ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നിലായിരുന്നു സംഭവം. പൊലീസ് സുരക്ഷയിൽ വിലങ്ങഴിപ്പിച്ചു നിർത്തിയ ഇയാളെ കേസിന്റെ ഊഴത്തിനായി നിർത്തിയതായിരുന്നു. ഒപ്പം എത്തിച്ച മറ്റൊരു പ്രതിയുടെ കേസ് പരിഗണിക്കുന്നതിനിടെ ജഡ്‌ജിയുടെ സമീപത്തെ വാതിലിലൂടെ ചാടിപ്പോകുകയായിരുന്നു അഭിജിത്ത്. പൊലീസ് പിന്തുടർന്നെങ്കിലും കലക്ടറേറ്റിന്റെ കിഴക്കേഗേറ്റിലൂടെ പുറത്തു കടന്ന പ്രതി സിവിൽ സ്റ്റേഷൻ പോസ്‌റ്റ് ഓഫീസിനു പിറകുവശത്തെ റോഡിലേക്ക് കടന്ന് മതിൽചാടി രക്ഷപ്പെട്ടു.
കൊല്ലം ജില്ലാ ജയിലിൽനിന്ന് പകൽ 10.30ന് എആർ ക്യാമ്പിലെ അഞ്ച് പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു അഭിജിത് ഉൾപ്പെടെ ഏഴ് പ്രതികളെ കോടതിയിൽ എത്തിച്ചത്. ഇതിൽ അഞ്ചുപേർ ഉൾപ്പെട്ട കേസായിരുന്നു ആദ്യം പരിഗണിച്ചത്. മൂന്നാം കേസായിരുന്നു അഭിജിത്തിന്റേത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീല പദപ്രയോഗം നടത്തി എന്ന കേസിൽ ഇയാളെ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്‌തത്. വ്യാഴം വൈകിട്ട് സ്കൂൾവിട്ട് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുവരികയായിരുന്ന കുട്ടികളെ പിന്തുടർന്നാണ് ഇയാൾ അസഭ്യം പറഞ്ഞത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..