17 September Tuesday
കാഷ്യൂ കോർപറേഷൻ ഫാക്ടറി

ഓണം ബോണസ് 
വിതരണം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
കൊല്ലം
കാഷ്യൂ കോർപറേഷന്റെ 30 ഫാക്ടറിയിലെ 11000 തൊഴിലാളികൾക്കും ജീവനക്കാർക്കും ചൊവ്വാഴ്‌ച ബോണസ് വിതരണംചെയ്യും. തൊഴിലാളികൾക്ക് 20ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും ലഭിക്കും. 540 ഫാക്ടറി ജീവനക്കാർക്ക് മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായി പരമാവധി തുകയായ 21,000 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്ത ഓഫീസ് ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്തയും ഒരു മാസത്തെ ശമ്പളം മുൻകൂറായും ലഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 13 കോടി രൂപ തൊഴിലാളികൾക്ക് വിതരണംചെയ്യും. മുൻ വർഷത്തെ അപേക്ഷിച്ച് തൊഴിൽദിനങ്ങളുടെ എണ്ണം വർധിച്ചതും ശമ്പളത്തിൽ 23ശതമാനം വർധനയും തൊഴിലാളികളിൽ വളരെയേറെ സംതൃപ്തി ഉളവാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് ബോണസ് അഡ്വാൻസിൽ 500 രൂപയുടെ വർധനയുമുണ്ട്. ഫാക്ടറികളിൽ ഓണാഘോഷമേളകളും തുടങ്ങി. 
അയത്തിൽ ഫാക്ടറിയിൽ ഓണാഘോഷ പരിപാടി ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്‌തു. വടംവലി, തിരുവാതിരകളി, നാടൻപാട്ട്, ഓണപ്പാട്ട്, പ്രച്ഛന്നവേഷമത്സരം, കസേരകളി ഉൾപ്പെടെ വിവിധ കലാകായിക മത്സരങ്ങളും തൊഴിലാളികൾക്ക് കുടുംബസമേതമായി വിഭവസമൃദ്ധ ഓണസദ്യയും സംഘടിപ്പിച്ചുവരികയാണ്. 30 ഫാക്ടറിയിലും തൊഴിലാളികൾ ഓണാഘോഷം സംഘടിപ്പിച്ചുവരുന്നു. കാഷ്യൂ കോർപറേഷൻ ചെയർമാൻ, ബോർഡ് അംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും ഫാക്ടറികളിലെ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി. കൊട്ടിയം കോർപറേഷൻ ഫാക്ടറിയിലെ ഒരേക്കർ സ്ഥലത്ത് ബന്തി​പ്പൂവ് കൃഷിചെയ്ത് ഏകദേശം രണ്ടുടൺ ബന്തി​പ്പൂവ് ഓണക്കാലത്ത് വിപണിയിൽ ഇറക്കാൻ കഴിഞ്ഞു. നിരവധി പേരാണ് പൂവ് വാങ്ങാൻ ഫാക്ടറിയിൽ എത്തിയത്. തൊഴിൽദിനങ്ങൾ വർധിപ്പിക്കാനും കൂലി കൂട്ടാനും ബോണസ് വർധിപ്പിക്കുന്നത് ഉൾപ്പെടെ മാതൃകാ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞത് തൊഴിലാളികളുടെകൂടി സഹകരണം കൊണ്ടാണെന്ന്‌ ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top