22 November Friday

ഡേറ്റിങ് ആപ്പ്‌: യുവാക്കളെ 
തട്ടിക്കൊണ്ടുപോയവർ പിടിയിൽ

സ്വന്തം ലേഖികUpdated: Thursday Oct 10, 2024

ശ്യാം , അലി അഷ്കർ

തൃശൂർ
ഡേറ്റിങ് ആപ്പിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റുചെയ്ത്  വിളിച്ചുവരുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും ഫോണും കവർന്ന സംഘത്തിലെ രണ്ടുപേർ‍ അറസ്റ്റിൽ. മതിലകം സ്വദേശികളായ പൊന്നാമ്പിടി കോളനിയിൽ വട്ടപറമ്പിൽ വീട്ടിൽ അലി അഷ്കർ (25), മതിമൂല തോട്ടപ്പുള്ളി വീട്ടിൽ ശ്യാം (27) എന്നിവരാണ് റൂറൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ പിടിയിലായത്. ചൊവ്വ രാത്രി 8.15ന് മതിലകം ഒന്നാം കല്ലിൽ വച്ചാണ്‌ ബൈക്കിലെത്തിയ തൃശൂർ പൂങ്കുന്നം സ്വദേശി സിദ്ധാർഥ് രാജിനെയും സുഹൃത്ത് സോതിനെയും കാറിൽ തട്ടിക്കൊണ്ടുപോയത്‌. കൂരിക്കുഴി സ്വദേശി ഹസീബ്, വാടാനപ്പള്ളി സ്വദേശി ബിനു, പ്രിൻസ് എന്നിവരും പ്രതികൾക്കൊപ്പമുണ്ടായിരുന്നു.  
      തൃശൂർ റൂറൽ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വിവിധ ​ഗ്രൂപ്പുകളായി ജില്ലാ അതിർത്തി അടച്ച്‌ വാഹന പരിശോധന നടത്തി. സിസിടിവിയും എഎൻപിആർ കാമറയും കേന്ദ്രീകരിച്ചും പരിശോധിച്ചു. സൈബർ സെൽ സഹായവും തേടി. ഇതു മനസ്സിലാക്കിയ പ്രതികൾ സിദ്ധാർഥിനേയും സോതിനേയും മൂന്നുപീടികയിൽ ഉപേക്ഷിക്കുകയായിരുന്നു. 
ഹൈവേ പൊലീസാണ് ഇവരെ കണ്ടെത്തിയത്‌. അന്വേഷണത്തിൽ ബുധൻ പുലർച്ചെ രണ്ടിന് അലി അഷ്കറിനെയും ശ്യാമിനെയും പിടികൂടി. കൂരിക്കുഴിയിൽ  തട്ടിക്കൊണ്ടുപോകാൻ ഉപയോ​ഗിച്ച കാറും കണ്ടെത്തി. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിൽ മതിലകം പൊലീസ് ഇൻസ്പെക്ടർ എം കെ ഷാജി, വലപ്പാട് പൊലീസ് സബ് ഇൻസ്പെക്ടർ, കൈപ്പമംഗലം ഇൻസ്പെക്ടർ, വരന്തരപ്പിള്ളി ഇൻസ്പെക്ടർ എന്നിവരുടെ കീഴിൽ വലപ്പാട് മതിലകം സ്പെഷൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർമാർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർമാർ ഉൾപ്പെട്ട സംഘമാണ് വിവിധ ​ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.
 
സംഭവം ഇങ്ങനെ:
‘സേ ഹായ്’ ഡേറ്റിങ് ആപ്ലിക്കേഷനിൽ അപർണ എന്ന പേരിൽ പ്രതികൾ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് സിദ്ധാർഥിനേയും സുഹൃത്തിനേയും മതിലകം ഭാ​ഗത്തേക്ക് വിളിച്ചുവരുത്തിയത്. അപർണയുടെ സഹോദരനാണെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും പോക്സോ കേസ് വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കാറിൽ ബലമായി കയറ്റി കൂരിക്കുഴിയിലെത്തിച്ച് മർദിച്ചു. പണവും മാലയും ഫോണും തട്ടിയെടുത്തു. പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്ന് മനസ്സിലാക്കിയതോടെ പ്രതികൾ സിദ്ധാർഥിനേയും കൂട്ടുകാരനേയും  മൂന്നുപിടിക ദേശീയപാതയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പൊലീസ്‌ അന്വേഷണത്തിൽ അലി അഷ്കറിനേയും ശ്യാമിനേയും അറസ്റ്റുചെയ്തു. കൂട്ടാളികളായ ഹസീബ്, ബിനു, പ്രിൻസ് എന്നിവരെ പിടികൂടാനുണ്ട്.
        അലി അഷ്കർ പോക്സോ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചയാളാണ്. ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ജാമ്യത്തിലാണ്‌. ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടതുണ്ട്. ഇതിന്‌ പണം കണ്ടെത്താനാണ് പ്രതികൾ സിദ്ധാർഥിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയത്‌. പ്രതികളെല്ലാം മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരാണ്. ‘തേൻകെണി’ നടത്തി പണമുണ്ടാക്കാനായിരുന്നു പ്രതികളുടെ ശ്രമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top