രാജാക്കാട്
ചെറിയ ജലസസ്യമായ അസോളയിൽ സാമ്പത്തിക സമൃദ്ധി. വീട്ടുമുറ്റത്ത് ചെലവുകുറഞ്ഞ അസോള കൃഷിയിൽ നേട്ടംകൊയ്ത് രാജാക്കാട്ടെ ഐന്തിക്കൽ ഡൊമനിക് ജോസഫ്–ലിസി ദമ്പതികൾ. രണ്ടുവർഷം മുമ്പാണ് ശാന്തൻപാറ കൃഷി വിജ്ഞാനകേന്ദ്രത്തിൽനിന്ന് ഇവർക്ക് വിത്തുകൾ ലഭിച്ചത്. ശുദ്ധജലത്തിൽ വളരുന്ന പന്നൻ വർഗചെടിയാണിത്. പശുവിനും മീനുകൾക്കും ഒന്നാന്തരം തീറ്റയാണ് അസോള. പശുവിന് തീറ്റയായി നൽകുമ്പോൾ കൂടുതൽ പാലും ലഭിക്കുന്നു. രണ്ട് ഏക്കർ സ്ഥലത്ത് കുരുമുളക്, ഏലം, കാപ്പി,പച്ചക്കറി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഇവയ്ക്ക് വളമായിട്ടും അസോള ഉപയോഗിക്കുന്നു. അഞ്ച് വർഷമായി മത്സ്യകൃഷി ചെയ്യുന്നു. നട്ടർ, വരാൽ, ഗോൾഡ് ഫിഷ്, വാള എന്നിവയാണ് കൃഷിചെയ്യുന്നത്‍.
വീട്ടുവളപ്പുകളിൽ അസോള അനായാസം വളർത്തിയെടുക്കാമെന്നാണ് ഡോമനിക്കിന്റെ അനുഭവം. അസോളവിത്തിന് ഒരുകിലോയ്ക്ക് 50 രൂപയെ ചെലവുള്ളൂ. നട്ട് 15 ദിവസം കൂടുമ്പോൾ വിളവെടുക്കാം. നല്ല പച്ചപ്പായൽ കന്നുകാലികൾക്ക് നൽകും. മൂത്തുപോയാൽ ബ്രൗൺ നിറമാകും. മീനിന് ഇതായാലും മതി. പിന്നീട് ജൈവവളമായും ഉപയോഗിക്കും. ഇലയടുക്കുകളിലുള്ള അനബീന അസോളെ എന്ന ബാക്ടീരിയ അന്തരീക്ഷ നൈട്രജനെ സമാഹരിക്കുന്നുണ്ട്. ഇതിനാൽ നൈട്രജൻ സമ്പുഷ്ടമായ അസോളയിൽ, പ്രധാന മൂലകങ്ങളായ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് ഏലമുൾപ്പെടെയുള്ള കൃഷികളുടെ ചുവട്ടിൽ ചപ്പിനൊപ്പം അസോളയും പുതയിട്ട് മണ്ണിലെ ജലാംശം നിലനിർത്താം.
ഇത്തിരിയിടം മതി
ഒത്തിരിവിളവിന്
അധികം സ്ഥലമില്ലാത്തവർക്ക് വീട്ടുവളപ്പിലും മട്ടുപ്പാവിലും വളരെ എളുപ്പത്തിൽ അസോളക്കൃഷി ചെയ്യാമെന്ന് ഡൊമനിക് പറയുന്നു. ഇതിനായി ചെറിയ ടാങ്കുകൾ നിർമിക്കണം. ടാങ്കുകൾ നിർമിക്കുന്നിടത്ത് ഭാഗികമായ സൂര്യപ്രകാശ ലഭ്യത ഉറപ്പാക്കണം. അസോള കൃഷിക്കായി കളകൾ നീക്കിവൃത്തിയാക്കി ടാങ്കിനുള്ളിൽ പ്ലാസ്റ്റിക് ചാക്ക് വിരിച്ചിട്ടശേഷം മുകളിൽ 150 ഗേജ് ഘനമുള്ള സിൽപോളിൻ ഷീറ്റ് വിരിക്കുക. ശേഷം നാലുമൂലകളിലും ഷീറ്റിന് മുകളിലായി ഇഷ്ടികവച്ച് ഉറപ്പിക്കണം.
അടുത്തതായി ടാങ്കിനുള്ളിൽ 25 കിലോഗ്രാം അരിച്ച മണ്ണ് നിരത്തിയിടണം. അഞ്ച് കിലോ പച്ച ചാണകം. 30 ഗ്രാം രാജ്ഫോസ് എന്നിവ നന്നായി യോജിപ്പിച്ച് സ്ളറി രൂപത്തിലാക്കി മണ്ണിനു മുകളിൽ ഒഴിച്ചുകൊടുക്കാം. തുടർന്ന് 12 ഇഞ്ച് ഉയരത്തിൽ ജലനിരപ്പ് ക്രമീകരിക്കണം. ടാങ്കിനു മുകളിലായി വിരിച്ചുറപ്പിച്ചാൽ ഇലകളും മറ്റും ടാങ്കിനുള്ളിൽ പൊഴിഞ്ഞുവീഴുന്നത് ഒഴിവാക്കാം. ആറ് മാസമാകുമ്പോൾ മണ്ണ് പൂർണമായും നീക്കം ചെയ്‌ത് വീണ്ടും ടാങ്കൊരുക്കി പുതുതായി കൃഷി തുടങ്ങാം. അവശിഷ്ടവും മണ്ണും കമ്പോസ്റ്റിലേക്കും ബയോഗ്യാസ് പ്ലാന്റിലേക്കും മാറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..