കുമളി
വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അണിനിരന്ന ജനബോധന റാലിയോടെ വന്യജീവി വാരാഘോഷത്തിന് തേക്കടിയിൽ സമാപനമായി. കുമളി ഗവ. സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച ജനബോധന റാലി പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സ്കൂളുകൾ, ക്ലബ്ബുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും നൂറു കണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു. ജനബോധന റാലിയിൽ വിവിധ ഫ്ലോട്ടുകൾ, വന സംരക്ഷണ സന്ദേശങ്ങൾ എന്നിവ അണിനിരത്തി. കുമളി ഹോളീഡേ ഹോമിൽ റാലി എത്തി ചേർന്നതോടെ സമാപന സമ്മേളനത്തിന് ആരംഭമായി.
കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം സിദ്ദിഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാംകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. സംഘാടകസമിതി ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, സംഘാടക സമിതിയിലെ വിവിധ കമ്മിറ്റി ചെയർമാൻമാർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..