10 October Thursday

ഭാഗ്യാന്വേഷികൾ ഭാഗ്യംതിരഞ്ഞ ബുധനാഴ്ച

സ്വന്തം ലേഖകൻUpdated: Thursday Oct 10, 2024
ആലപ്പുഴ
‘‘ഇന്നാണ്‌ ഇന്നാണ്‌ ഇന്നാണ്‌... ഭാഗ്യദേവത നിങ്ങളെ കാത്തിരിക്കുന്നു. 25 കോടിയുടെ ഭാഗ്യവാനാകാൻ ഇതാ അവസരം. തിരുവോണം ബമ്പർ നറുക്കെടുപ്പിന്ന്‌.’’ നാടും നഗരവും ബുധനാഴ്‌ച ഉറങ്ങിയെഴുന്നേറ്റത്‌ സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ പരസ്യവാചകങ്ങൾ സമ്മാനിച്ച സ്വപ്‌നത്തിലേക്കാണ്‌. അതിരാവിലെ മുതൽ ഭാഗ്യം തിരയുന്ന തിരക്കിലായിരുന്നു ജില്ലയിലെ ഭാഗ്യാന്വേഷികൾ. പട്ടണത്തിലെ ലോട്ടറിക്കടകളിലെല്ലാം ബമ്പറിനായി ആളുകൾ നിറഞ്ഞു. ഒരു ടിക്കറ്റ്‌ എടുക്കുന്നവർ മുതൽ നഗരത്തിലുടനീളം അലഞ്ഞ്‌ അഞ്ചും പത്തും ടിക്കറ്റുകൾ എടുത്തവർവരെ കൂട്ടത്തിലുണ്ടായിരുന്നു. 500 രൂപ വിലയുള്ള തിരുവോണം ബമ്പർ മൂന്നും നാലും പേരടങ്ങുന്ന സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സംഘങ്ങൾ ചേർന്നെടുക്കുന്ന കാഴ്‌ച ഇക്കുറിയും സുലഭമായി. ടിക്കറ്റെടുക്കാനെത്തുന്ന സ്‌ത്രീകളുടെ എണ്ണത്തിലും വർധന പ്രകടമായി. പ്രമുഖ ഏജൻസികളെല്ലാം മറ്റ്‌ ജില്ലകളിൽനിന്നടക്കം ടിക്കറ്റുകൾ എത്തിച്ചിരുന്നു. 
എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്‌, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള ടിക്കറ്റുകളാണ്‌ ജില്ലയിൽ കൂടുതലുമെത്തിയത്‌. രാവിലെ ഏഴുമുതൽ വിൽപ്പന ആരംഭിച്ച്‌ ഏഴുമണിക്കൂറിനിടെ 100–-300 നും ഇടയിൽ വിൽപ്പന നടന്നതായി വിൽപ്പനക്കാർ പറഞ്ഞു. ഉച്ചയോടെ മിക്ക കടകളിലും തട്ടുകൾ കാലിയായി. പിന്നീട്‌ സമ്മാനങ്ങൾക്കുള്ള കാത്തിരിപ്പിലായിരുന്നു. ഒന്നാം സമ്മനം വയനാടിനെന്ന്‌ ഫലം വന്നതോടെ തെല്ല്‌ നിരാശ. പ്രോത്സാഹന സമ്മാനങ്ങളിലാണ്‌ ഇനി പ്രതീക്ഷ. തിരുവോണം ബമ്പർ നറുക്കെടുപ്പ്‌ വേളയിൽ പ്രകാശിപ്പിച്ച പൂജാ ബമ്പർ ടിക്കറ്റുകൾ അടുത്ത ദിവസം മുതൽ ജില്ലയിലും വിൽപ്പനയ്‌ക്കെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top