10 October Thursday

കപ്പൽ നങ്കൂരമിടും...
പൈതൃകം തീരമണയും

നെബിൻ കെ ആസാദ്‌Updated: Thursday Oct 10, 2024
ആലപ്പുഴ
ആലപ്പുഴയുടെ തുറമുഖ പൈതൃകം വീണ്ടെടുക്കാൻ കടൽപ്പാലം മുഖംമിനുക്കുന്നു. വിനോദസഞ്ചാരമേഖലയ്‌ക്കും ചരക്കുനീക്കത്തിനും വാണിജ്യമേഖലയ്ക്കും സഹായകമാകുംവിധമാകും കടൽപ്പാലം. നടപ്പാത മാത്രമല്ല, അറ്റത്ത്‌ കപ്പലുകൾക്ക്‌ അടുക്കാൻ കഴിയുന്ന തരത്തിൽ വാർഫോടെ കടൽപ്പാലം നിർമിക്കും. പാലത്തിലൂടെ വാഹനഗതാഗതവും സാധ്യമാകും. 
മുസിരിസ്‌ പൈതൃക പദ്ധതിലാണ്‌ കടൽപ്പാലം നിർമാണം. തുറുമുഖവകുപ്പാണ്‌ വാർഫ്‌ നിർമിക്കുക. 300 മീറ്റർ നീളത്തിൽ വിനോദസഞ്ചാരികൾക്ക് ഉയരത്തിൽ കയറിനിന്ന് കടൽഭംഗി കാണാൻ "ഡ്യൂൺ ഡക്ക്' സംവിധാനമാണ്‌ ആലോചിച്ചിരുന്നത്‌. അതിനൊപ്പം കപ്പലുകൾക്കും ബോട്ടുകൾക്കും അടുക്കാനാകുന്ന വാർഫും വേണമെന്ന്‌ തുറമുഖവകുപ്പാണ്‌ നിർദേശംവച്ചത്‌. 20 കോടി രൂപ ചെലവ്‌ കണക്കാക്കുന്ന വാർഫ്‌ നിർമാണത്തിനുള്ള പ്രൊപ്പോസൽ തുറമുഖവകുപ്പ്‌ സർക്കാരിന്‌ സമർപ്പിച്ചുകഴിഞ്ഞു. സാഗർമാല പദ്ധതിയിൽ കേന്ദ്രത്തിന്റെ സഹായം ലഭ്യമാക്കാനുള്ള സാധ്യതയും തേടും. അങ്ങനെയായാൽ പദ്ധതിയുടെ 50 ശതമാനത്തോളം കേന്ദ്രവിഹിതമായി ലഭിക്കും. 
വരുമോ നെഫർറ്റിറ്റി
വാർഫ്‌ വരുന്നതോടെ ചെറിയചരക്കുകപ്പലുകൾക്കും "നെഫർറ്റിറ്റി'പോലുള്ള ആഡംബര, വിനോദസഞ്ചാര കപ്പലുകൾക്കും ആലപ്പുഴയിൽ നങ്കൂരമിടാം. കൊച്ചിയിൽനിന്നടക്കം സഞ്ചാരികൾക്ക്‌ കടൽമാർഗം ആലപ്പുഴയിലെത്തി കായൽസൗന്ദര്യം ആസ്വദിച്ച്‌ മടങ്ങാം. കടൽയാത്രയ്‌ക്ക്‌ ആലപ്പുഴക്കാർക്ക്‌ മറ്റ്‌ ജില്ലകളെ ആശ്രയിക്കേണ്ടിയും വരില്ല. പാലം അവസാനിക്കുന്നിടത്ത്‌ കുറഞ്ഞത്‌ ആറ്‌ മീറ്റർ ആഴമുണ്ടെന്നതും ഗുണകരമാണ്‌. 
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി  തിരുവനന്തപുരംമുതൽ മംഗലാപുരംവരെ കാർഗോലൈൻ വന്നാലും നേട്ടമാകും. വാർഫ്‌ വരുന്നതോടെ കടൽപ്പാലത്തിന്റെ നീളം 300 മീറ്ററിൽനിന്ന്‌ വർധിക്കും. സാഹസിക ജലകായിക വിനോദങ്ങളും മറ്റ്‌ വിനോദസഞ്ചാര പദ്ധതികളും ആലോചനയിലുണ്ട്‌. തീരസേനയുടെ റെസ്‌ക്യൂ ബോട്ടുകൾക്ക്‌ ഡോക്കായും  ഉപയോഗിക്കാം. അഴീക്കൽ, തോപ്പുംപടി ഹാർബറുകളെ ആശ്രയിക്കുന്നത്‌ ഒഴിവാകും. കിഫ്ബിയിൽനിന്ന്‌ 20 കോടി രൂപ ചെലവിലാണ് കടൽപ്പാലം നിർമാണം. ഇൻകലാണ് നിർവഹണ ഏജൻസി. ആലപ്പുഴ ബീച്ചിലെ പഴയ കടൽപ്പാലത്തോട് ചേർന്നാണ് പുതിയ പാലവും വരുന്നത്‌. കെവിജെ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിനാണ്‌ കരാർ. മണ്ണ്‌ പരിശോധന  പൂർത്തിയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top