കാസർകോട്
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയർ 100 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ നിയാസ് അഹമ്മദിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം. ഏറനാട് എക്സ്‌പ്രസിൽ വൈകീട്ടാണ് നിയാസ് എത്തിയത്. കുടുംബവും നാട്ടുകാരും അധ്യാപകരും വിവിധ ക്ലബുകളും ഉൾപ്പെടെ നൂറോളം ആളുകൾ സ്വീകരിക്കാനെത്തി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് വരവേറ്റത്. അംഗടിമൊഗർ ജിഎച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് നിയാസ്. അമ്പത് ശതമാനം കാഴ്‌ചയില്ലാത്ത നിയാസ് പരിമിതികളെ തോൽപ്പിച്ചാണ് വിജയം നേടിയത്. അംഗടിമൊഗർ സ്വദേശിയായ അബ്ദുൾ ഹമീദിന്റെയും നസീമയുടെയും മകനാണ്. സ്കൂളിലെ കായികാധ്യാപകൻ ശുഭരാജാണ് പരിശീലകൻ.
എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ സമീന, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ അബ്ദുൾ മജീദ്, എം അനിത, പിടിഎ പ്രസിഡന്റ് പി ബി മുഹമ്മദ്, വൈസ് പ്രസിഡന്റ് ബി സി നസീർ, പ്രിൻസിപ്പൽ എസ് രാജലക്ഷ്‌മി, പ്രധാനാധ്യാപിക ജി എസ് വത്സലകുമാരി, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ, വിഷ്ണു ചേരിപ്പാടി, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം എന്നിവർ ഉപഹാരം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..