രാജപുരം
സിപിഐ എം പനത്തടി ഏരിയ സമ്മേളനത്തിന് അതിർത്തി ദേശമായ പാണത്തൂരിൽ ആവേശത്തുടക്കം. കർഷകരും പിന്നോക്ക വിഭാഗങ്ങളും തൊഴിലാളികളും ഇടചേർന്ന് അധിവസിക്കുന്ന മലയോര മണ്ണിൽ സിപിഐ എമ്മിന്റെ കുതിപ്പും കിതപ്പും ചർച്ചയായ സമ്മേളനം ഞായറാഴ്‌ച അത്യുജ്വ പ്രകടനത്തോടെ സമാപിക്കും.
പാണത്തൂർ ബസ്‌സ്‌റ്റാൻഡിനടുത്ത് എ കെ നാരായണൻ നഗറിൽ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. യു ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധികളെ വരവേറ്റ് പാണത്തൂരിലെ നൃത്ത അധ്യാപിക വിലാസിനിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത ശിൽപവും അരങ്ങേറി. പി ജി മോഹനൻ താൽക്കാലിക അധ്യക്ഷനായി. പി വി ശ്രീലത രക്തസാക്ഷി പ്രമേയവും ടി വി ജയചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പി ജി മോഹനൻ, ഷാലു മാത്യു, പ്രസന്ന പ്രസാദ്, പി ശ്രീജ എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചക്കുശേഷം ശനി രാത്രിയോടെ പൊതുചർച്ച പൂർത്തിയായി. ആറുവനിത ഉൾപ്പെടെ 27 പേർ ചർച്ചയിൽ പങ്കെടുത്തു. ഞായറാഴ്‌ച രാവിലെ ചർച്ചക്കുള്ള മറുപടിയും തുടർന്ന് ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
17 ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 132 പേർ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, ജില്ല സെക്രട്ടറിയറ്റ് അംഗം വി കെ രാജൻ, സാബു അബ്രഹാം, പി ജനാർദ്ദനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം വി കൃഷ്ണൻ, സി ബാലൻ, എം ലക്ഷ്മി, സി ജെ സജിത്ത്, ടി കെ രാജൻ, ടി എം എ കരീം, മുഹമ്മദ് ഹനീഫ എന്നിവരും പങ്കെടുക്കുന്നു.
ഞായർ വൈകിട്ട് പാണത്തൂർ ടൗണിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി പാണത്തൂർ മാവുങ്കാൽ കേന്ദ്രീകരിച്ച് ആയിരങ്ങൾ അണിനിരക്കുന്ന പ്രകടനവും ഉണ്ടാകും. ചുവപ്പുവളണ്ടിയർ മാർച്ചും അണിനിരക്കും.
കുമ്പള സമ്മേളനം ഇന്നും നാളെയും
കുമ്പള
സിപിഐ എം കുമ്പള ഏരിയാസമ്മേളനത്തിന് ഞായറാഴ്ച തുടക്കം. കുമ്പളയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഞായർ രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്‌ഘാടനംചെയ്യും. തിങ്കൾ വൈകിട്ട് നാലിന് കുമ്പളയിലെ സീതാറാം യച്ചൂരി നഗറിൽ പൊതുസമ്മേളനവും ചുവപ്പുസേനാ മാർച്ചും ഉണ്ടാകും. പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..