27 December Friday

സർക്കാരിന്റെ കരുതൽ, അവർ പറക്കും, പുതിയ ഉയരങ്ങളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

തലശേരി പാലയാട് അസാപ് എൻടിടിഎഫ് കേന്ദ്രത്തിലെ ചടങ്ങിൽ നിയമന ഉത്തരവ്‌ ഏറ്റുവാങ്ങിയവർ

തലശേരി
പഠനം പൂർത്തീകരിക്കും മുമ്പേ  വൻകിട കമ്പനികളിൽ ഉയർന്ന ജോലി നേടി പാലക്കാട് ജില്ലയിലെ 21 പെൺകുട്ടികൾ. പാലക്കാട് ജില്ലാ പഞ്ചായത്ത് പട്ടികജാതി വിദ്യാർഥിനികൾക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തലശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പാക്കിയ തൊഴിലധിഷ്ഠിത കോഴ്സ് വിജയകരമായി പൂർത്തീകരിച്ച മുഴുവൻ കുട്ടികൾക്കും നിയമന ഉത്തരവ് ലഭിച്ചു. 
 തലശേരി എൻടിടിഎഫിൽനിന്നും സിഎൻസി വെർട്ടിക്കൽ മില്ലിങ് ആൻഡ് ടേണിങ് കോഴ്സ് പൂർത്തീകരിച്ച പെൺകുട്ടികൾക്കാണ് നിയമനം ലഭിച്ചത്‌. ഫ്രാൻസ് ആസ്ഥാനമായ എയ്റോ സ്പേസ് കമ്പനിയായ ക്രൗസറ്റ് മെക്രാട്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് ബംഗളൂരു, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കോമ്പൺസ് നിർമിത കമ്പനിയായ എസ്എഫ്ഒ ടെക്നോളജി കൊച്ചിൻ തുടങ്ങിയ കമ്പനികളിലാണ്‌ ജോലി. 
  ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ പത്തുമാസത്തെ പരിശീലനത്തിന് വരുന്ന ചെലവ്, തൊഴിൽ കണ്ടെത്താനുള്ള മാർഗം, താമസം, ഭക്ഷണം യാത്രാബത്ത, പോസ്റ്റ് പ്ലേസ്മെന്റ് ഉൾപ്പെടെ എല്ലാം സൗജന്യമായി ലഭിക്കും. എസ്എസ്എൽസി, പ്ലസ് ടു ,ബിരുദം, ഐടിഐ വിജയിച്ച കുട്ടികളെ എഴുത്തുപരീക്ഷ ,അഭിമുഖം കൗൺസലിങ്‌  എന്നിവയിലൂടെയാണ്‌ തെരഞ്ഞെടുത്തത്‌. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ് വിദ്യാർഥിനികളിൽ ഏറെയും. 
 തലശേരി പാലയാട് അസാപ് എൻടിടിഎഫ് കേന്ദ്രത്തിൽചേർന്ന  നിയമന ഉത്തരവ് വിതരണച്ചടങ്ങിൽ പ്രിൻസിപ്പൽ ആർ അയ്യപ്പൻ അധ്യക്ഷനായി. പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ എസ് ശ്രീജ എന്നിവർ ഉത്തരവ് വിതരണം ചെയ്തു.  
വി കെ രാധാകൃഷ്ണൻ, എ രൺധീർ, ഷീമ പി പി, രത്നേഷ്, ടി പി കെ തിലകൻ എന്നിവർ സംസാരിച്ചു. സീനിയർ ഓഫീസർ വികാസ് പലേരി സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top