23 December Monday

അടരുവാൻ വയ്യ...

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

സന്ദീപും ബിജുവും രജിത്തും രതീഷും

നീലേശ്വരം
വൈകിട്ടോടെ ജോലി അവസാനിപ്പിച്ച്‌ സന്തോഷത്തോടെയാണ്‌ അവർ നാലുപേരും  ഓട്ടോയിൽ നീലേശ്വരത്തേക്ക്‌ പുറപ്പെട്ടത്‌.കളിയാട്ടവും കണ്ട്‌  വൈകാതെ മടങ്ങിയെത്തുമെന്ന്‌ വീട്ടിൽ അറിയിച്ചായിരുന്നു യാത്ര. അവരിനിയില്ല. വീടിന്റെയും നാടിന്റെയും ഹൃദയത്തിൽനിന്ന്‌ അടരുവാൻ വയ്യാതെ ആ നാലുകണ്ണീർപൂക്കൾ. ഇവർക്കൊപ്പം ചെറുവത്തൂർ ഓർക്കുളത്തെ ഷബിൻ രാജും നമ്മോട്‌ വിട പറഞ്ഞു.
ആശുപത്രിക്കിടക്കയിൽ മരണത്തോട്‌ മല്ലിട്ട്‌ സന്ദീപും ബിജുവും രതീഷും ഒരാഴ്‌ചമുമ്പേ വിടപറഞ്ഞു. ഒടുവിലിതാ അടുത്ത കൂട്ടുകാരൻ രജിത്തും. നീലേശ്വരം അഞ്ഞൂറ്റമ്പലം തെരു വീരർകാവ്‌ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട്‌ അപകടത്തിൽ മരിച്ച രജിത്തും രതീഷും സി സന്ദീപും ബിജുവും ഒരേ നാട്ടുകാരും ഉറ്റസുഹൃത്തുക്കളും. കിനാനൂരിൽ അടുത്തടുത്താണ്‌ രതീഷിന്റെയും രജിത്തിന്റെയും വീടുകൾ. ചോയ്യങ്കോട്‌ കിനാനൂർ റോഡിലാണ്‌ സി സന്ദീപ്‌, തൊട്ടടുത്ത്‌ മഞ്ഞളംകാട്‌ ബിജുവും.
ബിജുവിന്റെ ഓട്ടോയിലാണ്‌ നാലുപേരും നീലേശ്വരത്തെ കളിയാട്ടസ്ഥലത്തേക്ക്‌ പുറപ്പെട്ടത്‌. ഇവരുടെ നാട്ടിൽനിന്ന്‌ ഒമ്പത്‌ കിലോമീറ്റർ അകലെയാണ്‌ ക്ഷേത്രം. ക്ഷേത്രത്തിന്റെ  വടക്കുവശത്തുള്ള ഷെഡ്ഡിനോട്‌ ചേർന്നാണ്‌ ഇവർ തെയ്യം കാണാൻ നിന്നത്‌. ഷെഡ്ഡിനകത്തുള്ള ചെറിയ മുറിയിലാണ്‌ പടക്കം സൂക്ഷിച്ചത്‌. ഒക്‌ടോബർ 28 ന്‌ അർധരാത്രി യോടെയാണ്‌  വെടിക്കെട്ടിനിടയിൽ തീപ്പൊരി ചിതറി പടക്കം സൂക്ഷിച്ച മുറിയ്‌ക്ക്‌ തീപ്പിടിക്കുന്നത്‌.  സ്‌ഫോടനത്തിൽ ഗുരുതര പൊള്ളലേറ്റ്‌ സി സന്ദീപും ബിജുവും രതീഷും രജിത്തും സംഭവസ്ഥലത്തുതന്നെ അവശരായി വീണു.  
ചികിത്സയിലിരിക്കെ ആറാംദിവസം സി സന്ദീപും ഏഴാം നാൾ ബിജുവും രതീഷും മരിച്ചു. ഒടുവിൽ പന്ത്രണ്ടാം ദിവസം മംഗളൂരു ഐ ജെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രജിത്തും മരണത്തിന്‌ കീഴടങ്ങി. നാലുപേരും നാൽപതിനു താഴെ പ്രായമുള്ളവർ; വീടിന്റെയും നാടിന്റെയും പ്രതീക്ഷകൾ.
സന്ദീപും ബിജുവും ഓട്ടോഡ്രൈവർമാരാണ്‌. ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനമാണ്‌ ഇവരുടെ കുടുംബത്തിന്റെ ആശ്രയം. കെഎസ്‌ഇബി കാഞ്ഞങ്ങാട്‌ ഡിവിഷൻ എക്‌സിക്യൂട്ടീവ്‌ എൻജിനിയറുടെ വാഹനത്തിൽ താൽക്കാലിക ഡ്രൈവറാണ്‌ രജിത്‌. ഏറെക്കാലം കാഞ്ഞങ്ങാട്‌ മലബാർ ഗോൾഡ്‌ ഷോറൂമിൽ സെയിൽസ്‌മാനായി ജോലി ചെയ്‌തു. 
നാലുവർഷം മുമ്പാണ്‌ കെഎസ്‌ഇബിയിൽ  ഡ്രൈവറായി ജോലിയിൽ കയറിയത്‌.  കയ്യൂരിൽ ബാർബർ ഷോപ്പ്‌ നടത്തിവരികയിരുന്നു രതീഷ്‌. താൽക്കാലികമായി നീലേശ്വരം എഫ്‌സിഐയിൽ കയറ്റിറക്ക്‌ ജോലിക്കും പോകും. അവിവാഹിതനായ രതീഷ്‌ അമ്മയും അവിവാഹിതയായ സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമാണ്‌. 
ശനി രാവിലെ പത്തോടെയാണ്‌ മംഗളൂരു എ ജെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കിനാനൂരിലെ കെ വി രജിത്തിന്റെ മരണം. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ അപകടത്തിൽ പരിക്കേറ്റ്‌ പതിനൊന്ന്‌ ദിവസമായി ചികിത്സയിലായിരുന്നു.  
മംഗളൂരുവിലെ ആശുപത്രിയിൽ വൈകിട്ടോടെ എഡിഎം പി അഖിലിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ്‌ നടപടി പൂർത്തിയാക്കി. പോസ്‌റ്റ്‌മോർട്ടത്തിനായി വൈകിട്ട്‌  ആറരയോടെ കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രജിത്തിന്റെ   പോസ്‌റ്റ്‌മോർട്ടത്തിനുശേഷം രാത്രി 10 ഓടെ മൃതദേഹം ചോയ്യങ്കോട് ടൗണിലും എത്തിച്ചു. അവിടെ റോഡരികിൽ പ്രത്യേകം ഒരുക്കിയ  ഗ്രൗണ്ടിൽ പൊതുദർശനത്തിനുവച്ചു. 
നേരത്തേ തന്നെ നാട്ടുകാരും സുഹൃത്തുകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അവിടെ എത്തിയിരുന്നു. തുടർന്ന്‌ വീട്ടിലും പൊതുദർശനത്തിനുവച്ചു. വൻ ജനാവലിയാണ്‌  ചോയ്യങ്കോടും കിനാനൂരിലെ വീട്ടിലും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ, കാസർകോട് , ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, വി കെ രാജൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌ എന്നിവർ അന്ത്യാഞ്ജലിയർപ്പിച്ചു.  പിന്നീട്‌  ചൂരിപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top