22 December Sunday
ഇനി 
4 നാൾ

ഒരുങ്ങി ചേലക്കര

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

വരവൂർ തളി സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ കൈ ഉയർത്തി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ, എം ബാലാജി, സി ബി ദേവദർശനൻ, അഹമ്മദ് ദേവർ കോവിൽ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ എന്നിവർ സമീപം

ചേലക്കര
ഉപതെരഞ്ഞെടുപ്പിന്‌ നാലുനാൾ ബാക്കിയിരിക്കേ ചേലക്കരയിൽ മനസ്സുറപ്പിച്ച് സമ്മതിദായകർ.  മൂന്നാഴ്‌ചയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ രാഷ്‌ട്രീയ പാർടികൾക്ക്‌ ലഭിച്ചത്‌. ചുരുങ്ങിയ ദിവസങ്ങളിൽ പ്രചാരണം നടന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്‌ ഒരുപക്ഷേ അപൂർവം.  13നാണ്‌ വോട്ടെടുപ്പ്‌.  180  പോളിങ്‌ ബൂത്തുകളുണ്ട്‌. 23ന്‌ ഫലറിയാം. 11 നാണ്‌ കൊട്ടിക്കലാശം. ചേലക്കരയിലും വയനാടും ഒന്നിച്ച്‌ വോട്ടെടുപ്പ്‌ നടക്കുമ്പോൾ പാലക്കാട്‌ കൽപ്പാത്തി രഥോത്സവം കാരണം 20നാണ്‌. 
പകൽ ചുടും രാത്രി  മഞ്ഞും ഇടകലർന്ന അന്തരീക്ഷത്തിലും  തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ ഒട്ടുംകുറവ്‌ വരുത്തുന്നില്ല  രാഷ്‌ട്രീയ കക്ഷികൾ. അവസാന ലാപ്പിൽ പ്രമുഖ നേതാക്കളാണ്‌ മണ്ഡലത്തിലെത്തുന്നത്‌. പാലക്കാട്‌ തെരഞ്ഞെടുപ്പ്‌ നീട്ടിയതിനാൽ കൂടുതൽ നേതാക്കളെ എത്തിക്കാൻ എല്ലാവർക്കും സഹായമായി. 
പൊതുയോഗങ്ങളിലും കുടുംബ യോഗങ്ങളിലും  മുഖ്യമന്ത്രിയും മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുക്കുന്നു. കാർഷിക ഗ്രാമമായ ചേലക്കരയിൽ        ഇപ്പോൾ ഉയർന്നു നിൽക്കുന്നത്‌ സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകളും  ചുവരെഴുത്തുകളും പോസ്‌റ്ററുകളുമാണ്‌.  പാട്ടുകളും പാരഡികളുമായി വാഹനങ്ങൾ അതിരാവിലെ മുതൽ രാത്രിവരെ നാടൊട്ടുക്കും കറങ്ങുന്നു. ഗായകരും കലാസംഘങ്ങളും രംഗം കൊഴുപ്പിക്കുന്നു. സ്ഥാനാർഥികൾ പര്യടനം  തുടരുകയാണ്‌. 

ആത്മവിശ്വാസത്തോടെ എൽഡിഎഫ്‌
എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ ഒമ്പത്‌ പഞ്ചായത്തുകളിലൂടെ  മൂന്നുവട്ടം പര്യടനം പൂർത്തിയാക്കി. ആയിരങ്ങളുമായി സംവദിച്ച്‌ വോട്ടഭ്യർഥിച്ചു. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ഒരുവട്ടം മണ്ഡലത്തിൽ സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചിരുന്നു.  ഇനിയുള്ള ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തും.  ചേലക്കരയിൽ നടപ്പാക്കിയ വികസന നേട്ടങ്ങളും പ്രദീപിന്റെ  ജനകീയതയും ജനമനസ്സിൽ വേരോടിയിരിക്കുകയാണ്‌.  യുഡിഎഫിന്റെയും ബിജെപിയുടെയും നുണപ്രചാരണങ്ങൾ വിലപോകുന്നില്ല. 22 മേഖലാ കമ്മിറ്റികളും 177 ബൂത്ത്‌ കമ്മിറ്റികളുമായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ സംവിധാനം. മുതിർന്ന നേതാക്കൾ നേതൃത്വം നൽകുന്നു.  നൂറുകണക്കിന്‌ കുടുംബയോഗങ്ങളാണ്‌ നടന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗങ്ങളിൽ ജനപ്രവാഹമായിരുന്നു.  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും പൊതുയോഗങ്ങളിൽ പങ്കെടുത്തു. 

പതറി യുഡിഎഫും 
എൻഡിഎയും 
കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫിലെ  എല്ലാ പ്രമുഖരും മണ്ഡലത്തിലെത്തിയെങ്കിലും പ്രവർത്തകർ ആവേശഭരിതരല്ല. 1996 വരെ മണ്ഡലം കുത്തകയാക്കിയ കാലം പറഞ്ഞ്‌  യുഡിഎഫിനെ ജനങ്ങൾ കുറ്റവിചാരണ ചെയ്യുമ്പോൾ നേതാക്കൾ നുണകളിൽ അഭയം തേടുന്നു.  പ്രചാരണത്തിൽ വി ഡി സതീശന്റെ അധീശത്വത്തിൽ മറ്റ്‌ നേതാക്കൾ രോഷത്തിലാണ്‌. ആരെയും കൂട്ടാക്കാതെയാണ്‌ അദ്ദേഹത്തിന്റെ പ്രവർത്തനം. വിജയിച്ചാൽ ക്രഡിറ്റ്‌ തട്ടിയെടുക്കാനാണ്‌ അദ്ദേഹത്തിന്റെ ശ്രമമെന്ന്‌ ഒരു നേതാവ്‌ പറഞ്ഞു. 
പണക്കൊഴുപ്പിൽ പ്രചാരണം പൊലിപ്പിക്കുന്നുവെങ്കിലും യുഡിഎഫ്‌ അനുഭാവികളും പ്രവർത്തകരും സ്ഥാനാർഥി രമ്യ ഹരിദാസിനോട്‌ പുറന്തിരിഞ്ഞ്‌ നിൽക്കുന്നു. തങ്ങൾക്കെതിരായ രാഷ്‌ട്രീയ വിഷയങ്ങളും യുഡിഎഫിനെ കുഴയ്‌ക്കുന്നു. പണക്കൊഴുപ്പിലാണ്‌ ബിജെപിയുടെ പ്രചാരണം. കൊടകര കുഴൽപ്പണം അടക്കമുള്ള  രാഷ്‌ട്രീയ വിഷയങ്ങൾ തലവേദനയാകുമ്പോൾ വർഗീയ വിഷയങ്ങളാണ്‌ താൽപ്പര്യം. എന്നാൽ   ചേലക്കരക്കാർ അതൊക്കെയും തള്ളുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top