പിണറായി
ജീവിതത്തിൽ ആദ്യമായി പാസ്പോർട്ട് എടുത്ത് ഒരു വിദേശയാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ് എൺപത് കഴിഞ്ഞ പി കെ യശോദ. എൺപതിനോടടുത്ത ധർമടത്തെ മാലതിക്കും 51 വർഷമായി മൈസൂരുവിൽ താമസമാക്കിയ പാനൂരിലെ പുഷ്പവല്ലിക്കുമടക്കം പറയാനുള്ളത് മലേഷ്യൻ യാത്രയുടെ വിശേഷങ്ങളാണ്. തൊഴിലുറപ്പ് തൊഴിലാളികളായ വസന്തയും ചന്ദ്രിയും സബിതയും തൊഴിലുറപ്പ് കൂലിയിൽനിന്ന് കിട്ടിയ കാശ് മിച്ചം വച്ചാണ് മലേഷ്യക്ക് പറന്നത്. പിണറായി സി മാധവൻ സ്മാരക വായനശാല വയോജന വേദിയൊരുക്കിയ പതിനാറാമത്തെ വയോജന യാത്ര 21 പേർക്കും വലിയ സന്തോഷമാണ് സമ്മാനിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസം മലേഷ്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച സംഘം ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. നവംബർ 23ന് നിശ്ചയിച്ച യാത്രയിൽ പങ്കെടുക്കേണ്ട പി കെ യശോദക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ഡിസംബർ മൂന്നിലേക്ക് യാത്ര മാറ്റുകയായിരുന്നു. പാൻകാർഡ് സംഘടിപ്പിച്ച് പാസ്പോർട്ടിന്റെ കടമ്പ കടന്നതോടെ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വിദേശയാത്ര എന്ന വലിയ സ്വപ്നമാണ് വയോജനങ്ങൾക്ക് യാഥാർഥ്യമായത്.
യാത്ര ചെയ്‌തവരുടെ അനുഭവക്കുറിപ്പ് ചേർത്ത് വായനശാല മാഗസിൻ ഇറക്കും. തിരിച്ചെത്തിയപ്പോൾ വായനശാല പ്രവർത്തകർ തലശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. യാത്രപോകാൻ പണമില്ലാതിരുന്ന ചിലരെ വായനശാല താൽക്കാലികമായി സഹായിച്ചു. ഒരു വർഷത്തിനുള്ളിൽ തവണകളായി തുക തിരിച്ചടച്ചാൽ മതി. അടുത്ത യാത്രകൾക്കായി പണം കണ്ടെത്താൻ വയോജന നിധി രൂപീകരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും നാട്ടുവർത്തമാനത്തിന്റെ ഭാഗമായി വായനശാലയിൽ വയോജനങ്ങൾ ഒത്തുചേരുമ്പോൾ അവരുടെ കൈയിലുള്ള തുക ഈ നിധിയിൽ അടക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..