26 December Thursday

കൃഷിപാഠം പകർന്നും മണ്ണിനെ പരിപാലിച്ചും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024

വി ശ്രീധരൻ ചാലക്കരവയലിലെ കൃഷിയിടത്തിൽ

 തലശേരി

കൃഷിയെക്കുറിച്ച്‌ സംസാരിക്കാൻ തുടങ്ങിയാൽ ശ്രീധരൻ മാഷിന്‌ നിർത്താനാവില്ല. കാർഷികോൽപ്പന്നങ്ങളുടെ വിലമുതൽ ഏറ്റവും പുതിയ കൃഷിരീതിവരെ വിജ്ഞാനപ്രദമായ ക്ലാസ്‌ അങ്ങ്‌ തുടരും. എൺപത്തിയഞ്ചിലും മണ്ണിനോടും കൃഷിയോടുമുള്ള അടങ്ങാത്ത മൊഹബത്തുമായി ശ്രീധരൻ മാഷ്‌ ചാലക്കര വയലിലുണ്ട്‌. പ്രായത്തോട്‌ സലാം പറഞ്ഞ്‌ തെങ്ങിന്‌ തടമൊരുക്കിയും വാഴക്ക്‌ വളമിട്ടും പച്ചക്കറിക്ക്‌ വിത്തൊരുക്കിയും മണ്ണിൽ ചവിട്ടിനിൽക്കുകയാണ്‌ ചാലക്കര ശ്രീനാരായണ മഠത്തിനടുത്തെ രേഷ്‌മ വിഹാറിൽ വി ശ്രീധരൻ. 
തുടർച്ചയായി ഏഴുതവണ മാഹിമേഖലയിലെ മികച്ച കർഷകനുള്ള ബഹുമതി വി ശ്രീധരന്‌ ലഭിച്ചിട്ടുണ്ട്‌. മണ്ണിനോടുള്ള അടങ്ങാത്ത പ്രണയത്തിന്‌ നാട്‌ നൽകിയ സ്‌നേഹാദരവായിരുന്നു അത്‌. അരയേക്കറിൽ സമ്മിശ്രകൃഷിയാണ്‌ മാഷിന്റേത്‌. 
മാവും തെങ്ങും പ്ലാവും വാഴയും കവുങ്ങും ചേമ്പും തഴച്ചുവളരുകയാണ്‌ ഇവിടെ. വേനലിൽ പലതരം പച്ചക്കറികൾ നടും. ഓരോന്നും നട്ടുനനച്ച്‌ പൂവും കായുമായി വളരുമ്പോൾ ലഭിക്കുന്ന ആനന്ദം; -അതാണ്‌ ഈ പ്രായത്തിലും മണ്ണിലേക്കിറങ്ങാനുള്ള പ്രേരണയെന്ന്‌ ഈ കർഷകൻ  പറയുന്നു. 
പത്താംവയസിൽ പെരുമുണ്ടേരി വയലിൽ വെള്ളരികൃഷി നടത്തിയതും വാഴക്ക്‌ വെള്ളം നനച്ചതുമടക്കമുള്ള ഓർമകൾ കുട്ടിക്കാലത്തേക്കാണ്‌ നയിക്കുന്നത്‌. ആദ്യമൊക്കെ തടമെടുത്തതും നട്ടുനനച്ചതുമെല്ലാം തനിച്ചായിരുന്നു. ഇപ്പോൾ പഴയതുപോലെ വയ്യ. 
സഹായത്തിന്‌ ഒന്നു രണ്ടുപേർ കൂടിയുണ്ട്‌. കൃഷിയെക്കുറിച്ച്‌ ക്ലാസെടുക്കാൻ  തുടങ്ങിയാൽ പഴയ എൽപി സ്‌കൂൾ അധ്യാപകനാവും. തന്റെ സ്‌കൂട്ടറിൽ ഓരോ സ്‌കൂളിലും നേരിട്ടെത്തിയാണ്‌ കാർഷിക ക്ലാസ്‌. ഏഴുപതിറ്റാണ്ടിലേറെ നീണ്ട കൃഷി അനുഭവങ്ങൾ ഓരോ വാക്കിലുമുണ്ടാവും. 
മാഹി കൃഷിവകുപ്പിന്‌ കീഴിലുള്ള ഫാർമേഴ്‌സ്‌ അഡ്വൈസറി കമ്മിറ്റി ചെയർമാനും ഹരിതസംഘം മുൻസെക്രട്ടറിയുമാണ്‌. പെരിങ്ങാടി എൽപി സ്‌കൂളിൽനിന്ന്‌ 30 വർഷം മുമ്പാണ്‌ വിരമിച്ചത്‌. കൃഷിയിൽ പൂർണപിന്തുണയുമായി ഭാര്യയും ചാലക്കര ഉസ്‌മാൻ സ്‌മാരക ഗവ. ഹൈസ്‌കൂൾ റിട്ട. അധ്യാപികയുമായ കെ ശാരദയും മാഷ്‌ക്കൊപ്പമുണ്ട്‌. മാഹിയിലും കൃഷിയോ എന്ന്‌ ചോദിക്കുന്നവർക്കുള്ള മറുപടിയാണ്‌ ചാലക്കരവയലിലെ വി ശ്രീധരന്റെ കൃഷിയിടം. 
വേണം കൂടുതൽ സഹായം
പുതുച്ചേരി കൃഷിവകുപ്പിന്റെ കൂടുതൽ സഹായവും പിന്തുണയും കർഷകർക്ക്‌ ലഭിക്കണമെന്ന അഭിപ്രായമാണ്‌ വി ശ്രീധരന്‌. നേരത്തെ 75 ശതമാനം സബ്‌സിഡിയോടെ വളം കിട്ടിയിരുന്നു. ഇപ്പോൾ മുഴുവൻ തുകയും നൽകി വളം വാങ്ങിയാൽ സബ്‌സിഡിക്കായി ആറുമാസമെങ്കിലും കാത്തിരിക്കേണ്ടിവരുന്നു. 90 ശതമാനം സബ്‌സിഡിയോടെ വളം വിതരണത്തിന്‌ ഡിപ്പോ തുറക്കണമെന്നും മുടങ്ങിയ ഫ്‌ളവർഷോ പുനരാരംഭിക്കണമെന്നും ശ്രീധരൻ മാഷ്‌ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top