19 December Thursday

കരുതലും കൈത്താങ്ങും നടപടിയായത്‌ 
208 പരാതികളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024

കണ്ണൂർ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്തിനെത്തിയവർ

 കണ്ണൂർ

മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ  നടന്ന ‘കരുതലും കൈത്താങ്ങും' കണ്ണൂർ താലൂക്ക് അദാലത്തിൽ  208 പരാതികളിൽ നടപടി  സ്വീകരിച്ചു.  ഓൺലൈനായും താലൂക്ക് ഓഫീസിൽ നേരിട്ടും സ്വീകരിച്ച പരാതികളാണിവ. അദാലത്തിൽ പരിഗണിക്കാനാകാത്ത വിഷയങ്ങളായതിനാൽ 30 എണ്ണം നിരസിച്ചു. 63 എണ്ണത്തിൽ നടപടി സ്വീകരിച്ചുവരുന്നു.  അദാലത്ത് ദിവസം 163 പരാതി ലഭിച്ചു. ആകെ  464 പരാതിയാണ്‌ ലഭിച്ചത്‌. 
അദാലത്ത്‌ മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്‌തു.  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി.  
പുതിയ പരാതികളിൽ  ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.  റേഷൻ കാർഡുകളും വേദിയിൽ അനുവദിച്ചു. വഴിത്തർക്കം, കെട്ടിട നമ്പർ ലഭിക്കൽ  എന്നീ വിഷയങ്ങളിൽ പെട്ടെന്ന്‌  നടപടി സ്വീകരിക്കാനായി. ഭൂമി സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ സർക്കാർ നിർദേശിച്ച പരാതികളിൽ  മന്ത്രിമാർ  ഇടപെട്ടു. രാത്രി ഏഴോടെ അദാലത്ത്‌ സമാപിച്ചു. 
കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ കെ രത്‌നകുമാരി,  എഡിഎം സി പത്മചന്ദ്ര കുറുപ്പ്, അസിസ്റ്റന്റ്‌ കലക്ടർ ഗ്രന്ധേ സായി കൃഷ്ണ, വനം വകുപ്പ് നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ എസ് ദീപ,  ഡിഎഫ്ഒ എസ് വൈശാഖ്, തദ്ദേശ ജോ.  ഡയറക്ടർ ടി ജെ അരുൺ, തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
തലശേരി അദാലത്ത് ഇന്ന്‌
 തലശേരി താലൂക്ക് അദാലത്ത്  ചൊവ്വ രാവിലെ 10 മുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. തളിപ്പറമ്പ് താലൂക്കിലേത്‌ വ്യാഴം  തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്കിലേത്‌  വെള്ളി  പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും. 16ന്‌ രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെന്റ ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്. തലശേരി -204, തളിപ്പറമ്പ് -193, പയ്യന്നൂർ -162, ഇരിട്ടി 161 എന്നിങ്ങനെയാണ്  ലഭിച്ച പരാതികളുടെ എണ്ണം.
 
കക്കൂസ്‌ മാലിന്യം: ഫ്ലാറ്റിനെതിരെ കർശന നടപടി
സ്വന്തം ലേഖിക
കണ്ണൂർ
ഫ്ലാറ്റിൽനിന്ന്‌ കക്കൂസ്‌ മാലിന്യം ഉൾപ്പെടെ വീട്ടുപറമ്പിലേക്ക്‌ ഒഴുകിയെത്തി വർഷങ്ങളായി ദുരിതം അനുഭവിച്ച വീട്ടമ്മയ്‌ക്ക്‌ അദാലത്തിൽ ആശ്വാസം. സംസ്ഥാന സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ കണ്ണൂർ താലൂക്ക്‌ അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്‌  ഫ്ലാറ്റ്‌ ഉടമകൾക്കെതിരെ കർശന നടപടിക്ക്‌ നിർദേശം നൽകിയത്‌. 
എസ്‌എൻ പാർക്ക്‌ റോഡിലെ ശ്രീപത്‌മത്തിലെ  എഴുപത്തിരണ്ടുകാരിയായ ശിവദ പത്മനാഭനാണ്‌ അദാലത്തിൽ പരാതിയുമായെത്തിയത്‌. കോർപറേഷന്‌ നിരവധി പരാതി നൽകിയിട്ടും പരിഹാരമാകാത്തതിനാലാണ്‌ പരാതിയുമായെത്തിയത്‌. നന്ദനം ഫ്ലാറ്റിൽ 12 കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. എന്നാൽ, മാലിന്യം സംസ്‌കരിക്കുന്നതിനും മലിനജലം സംസ്‌കരിക്കുന്നതിനും ഫലപ്രദമായ സംവിധാനമില്ല. സെപ്‌റ്റിക്‌ ടാങ്കടക്കം പൊട്ടിയൊലിക്കുകയും പറമ്പിലേക്ക്‌ മാലിന്യം വലിച്ചെറിയുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. കർശന നടപടിയെടുക്കാത്ത കോർപറേഷൻ  അധികൃതരെ ഉൾപ്പെടെ വിമർശിച്ച മന്ത്രി ഫ്ലാറ്റ്‌  ഉടമയ്‌ക്കെതിരെ കർശന നടപടിയെടുക്കാനും മാലിന്യം കൃത്യമായി സംസ്‌കരിച്ചില്ലെങ്കിൽ അടുച്ചുപൂട്ടുന്നതുൾപ്പെടെ നടപടി സ്വീകരിക്കാനും കോർപറേഷന്‌ നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top