25 December Wednesday

കരിയൻ: ഗദ്ദിക ജീവതാളമാക്കിയ കലാകാരൻ

വി ജെ വർഗീസ്‌Updated: Wednesday Mar 11, 2020
കൽപ്പറ്റ
പി കെ കാളനൊപ്പം ഗോത്രകലയെ സാമൂഹ്യപരിഷ്‌കരണത്തിനുള്ള ഉപാധിയാക്കിയ  കലാകാരനായിരുന്നു ചൊവ്വാഴ്‌ച്ച വിടവാങ്ങിയ പി കെ കരിയനും.  ഗദ്ദികയിലൂടെ അടിയ സമുദായത്തിൽ സാമൂഹിക മാറ്റങ്ങൾക്കായി പരിശ്രമിച്ചു. ഗദ്ദിക അവതരിപ്പിച്ചാൽ രോഗം മാറുമെന്നായിരുന്നു സമുദായാംഗങ്ങളുടെ വിശ്വാസം. ഗദ്ദികക്കൊപ്പം മരുന്നും കഴിക്കണമെന്ന്‌ കാളനും കരിയനും ഗദ്ദികയിലൂടെതന്നെ സമുദായാംഗങ്ങളെ  ബോധവൽക്കരിച്ചു. കുട്ടികൾക്ക്‌ വിദ്യാഭ്യാസ  നൽകണമെന്നും കലയിലൂടെ പറഞ്ഞു.  ഗദ്ദികയുടെ കുലപതിയും ഫോക്‌ലോർ അക്കാദമി ചെയർമാനുമായിരുന്ന കാളന്റെ മരണശേഷമാണ്‌ സഹോദരി പുത്രനായ കരിയൻ ഈ ഗോത്രകലയുടെ മുഖ്യപ്രചാരകനായത്‌. കാളന്റെ വലംകൈയായിരുന്നു.  മൂപ്പൻസ്ഥാനം ഏറ്റെടുത്ത്‌  നാട്ടുഗദ്ദികയും പൂജഗദ്ദികയും ഒരുപോലെ അവതരിപ്പിച്ചു. കാളൻ സമുദായത്തിന്‌ പുറത്തേക്ക്‌ കൊണ്ടുവന്ന കലയെ കരിയൻ കൂടുതൽ ജനകീയമാക്കി. പുതുതലമുറക്ക്‌ കല കൈമാറി. സംസ്ഥാനത്തിന്‌ പുറത്തും വിവിധ വേദികളിൽ ഗദ്ദിക അവതരിപ്പിച്ചു. നാലുപതിറ്റാണ്ടോളം ഗദ്ദികയാടിയാണ്‌ മരണം.
സംഭവബഹുലമായിരുന്നു ജീവിതം. പഠനകാലത്ത്‌ നക്‌സൽ നേതാവ്‌ എ വർഗീസുമായുള്ള ബന്ധം ആരോപിച്ച്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌  ജയിലിലടച്ചു. ജയിലിൽ ഈ ആദിവാസി പോരാളി തടവുകാരെ അക്ഷരം പഠിപ്പിച്ചു. ഏഴ്‌ വർഷത്തിനുശേഷം  ജയിൽ മോചിതനായി. പിന്നീട്‌ തൃശ്ശിലേരിയിൽ സിപിഐ എം പ്രവർത്തകനായി. കർഷകതൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തു.  എകെഎസ്‌ രൂപീകരിച്ചപ്പോൾ നേതൃനിരയിൽ പ്രവർത്തിച്ചു. തിരുനെല്ലി പഞ്ചായത്ത്‌ അംഗവുമായി.  ജയിൽ വാസത്തിനുശേഷമാണ്‌ ഗദ്ദികയിലേക്കും തിരിഞ്ഞത്‌. പൊതുപ്രവർത്തനത്തിനൈാപ്പം ഗദ്ദികയുംകൊണ്ടുപോയി. ചുവന്ന പട്ടണിഞ്ഞ്‌ ഗദ്ദികയുടെ അവസാനം ഉറഞ്ഞുതുള്ളുന്ന കരിയൻ കാളനെപോലെ സമുദായാംഗങ്ങളെ ബോധവൽക്കരിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരെ കലയിലൂടെ പോരാടി. സമുദായംഗങ്ങളിൽ വലിയ മാറ്റം കരിയനുംകൊണ്ടുവന്നു. സിപിഐ എം തൃശിലേരി ബ്രാഞ്ച്‌ അംഗമായ കരിയൻ അർബുദബാധിതനായാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌.
അനുശോചിച്ചു
മാനന്തവാടി
പി കെ കരിയന്റെ നിര്യാണത്തിൽ എംഎൽഎമാരായ ഒ ആർ കേളുവും സി കെ ശശീന്ദ്രനും അനുശോചിച്ചു. ഗദ്ദികയെന്ന കലാരൂപത്തിനും ആദിവാസി വിഭാഗത്തിനും കനത്ത നഷ്ടമാണ്‌ വിയോഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top