22 December Sunday

വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി: 
മുഖ്യപ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024
കോഴിക്കോട്
സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ച്‌ ലക്ഷത്തിലധികം രൂപയും രണ്ടുപവൻ സ്വർണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാനയെ (34) ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ പരാതിക്കാരനെ കോഴിക്കോട്ട്‌ വിളിച്ചുവരുത്തി നിക്കാഹ്‌ നടത്തിയശേഷമാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.  
വിരമിച്ചശേഷം കർണാടകത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ഇദ്ദേഹം വിവാഹബന്ധം വേർപെടുത്തിയ ആളാണെന്ന്‌ മനസ്സിലാക്കി വിവാഹാലോചന നടത്തുകയായിരുന്നു. ഫെബ്രുവരി എട്ടിന്‌ കോഴിക്കോട്ടേക്ക്‌ വിളിച്ചുവരുത്തി വധുവിന്റെ സഹോദരനെന്ന് പരിചയപ്പെടുത്തിയ ആൾ ഇർഷാനയെ നിക്കാഹ് ചെയ്തുനൽകി. തുടർന്ന്‌ വിവാഹശേഷം ഇരുവർക്കും ഒന്നിച്ച് താമസിക്കാൻ വീട് എടുക്കാനെന്നുപറഞ്ഞ് അഞ്ചുലക്ഷം രൂപ ഇർഷാനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. പണം പ്രതികളുടെ അക്കൗണ്ടിൽ ക്രെഡിറ്റായ തൊട്ടടുത്ത ദിവസം പരാതിക്കാരൻ വീട് കാണണമെന്നുപറഞ്ഞതോടെ ഇതിനായി കാറെടുത്ത്‌ ഇറങ്ങി. വെള്ളിയാഴ്ചയായതിനാൽ നിസ്കരിച്ചശേഷം വീട്ടിലേക്ക് പോകാമെന്നുപറഞ്ഞ് നടക്കാവിലെ പള്ളിയിലെത്തി പരാതിക്കാരനെ അവിടെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. കാറിൽ സൂക്ഷിച്ച മൊബൈൽ ഫോൺ, ടാബ് തുടങ്ങിയവയുമായാണ്‌ കടന്നത്‌. മൊബൈൽ നമ്പറുകൾ ഉപേക്ഷിച്ച ഇവർ ഒളിവിൽ പോയി. കാസർകോട് വച്ചാണ്‌ മുഖ്യപ്രതിയെ പിടികൂടിയത്‌. നടക്കാവ് സിഐ എൻ പ്രജീഷ്‌, എസ്‌ഐ രഘുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top